

ചെന്നൈ: വരുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഉറപ്പിച്ച് ബിജെപി തമിഴ്‌നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. ബിജെപിയും എഐഎഡിഎംകെയുമായുള്ള സീറ്റ് വിഭജനത്തിലെ അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സഖ്യത്തിന്റെ ഭാഗമായി ബിജെപിക്ക് അനുവദിച്ചിരിക്കുന്ന മണ്ഡലങ്ങളെ സംബന്ധിച്ചുള്ള ആശങ്കകൾ വിശദീകരിച്ച് അണ്ണാമലൈ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ബിജെപിക്ക് വിജയസാധ്യതയുള്ള കിനാത്തുകടവ് ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ വിട്ടുനൽകാൻ എഐഎഡിഎംകെ തയ്യാറായിട്ടില്ല.
പാർട്ടി നേതൃത്വത്തോട് താൻ മത്സരിക്കുന്നില്ലെന്ന കാര്യം അണ്ണാമലൈ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതൃപ്തി പാർട്ടി പ്രവർത്തകർക്കിടയിലും കനക്കുന്നുണ്ട്. സീറ്റ് വിഭജനത്തിലെ നീരസം പ്രകടമാക്കി വ്യാഴാഴ്ച ബിജെപി പ്രവർത്തകർ കിനാത്തുകടവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. എഐഎഡിഎംകെമായുള്ള സഖ്യത്തിൽ ബിജെപിക്കുള്ളിൽ പ്രശ്‌നങ്ങൾ ഉടലെടുത്തതിന്റെ ഭാഗമായാണ് അണ്ണാമലൈ അധ്യക്ഷ സ്ഥാനം തന്നെ വേണ്ടെന്ന് വച്ചതെന്ന പ്രചരണങ്ങളും ശക്തമാണ്.
എഐഎഡിഎംകെയുമായുളള സീറ്റ് വിഭജന ചർച്ചകൾക്ക് പിന്നാലെ 27സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. 234 മണ്ഡലങ്ങളിൽ ബാക്കി 169 സീറ്റുകളിൽ എഐഎഡിഎംകെ മത്സരിക്കും. മറ്റ് സഖ്യകക്ഷികളായ പിഎംകെയ്ക്ക് 18, എഎംഎംകെയ്ക്ക് 11 സീറ്റുകൾ എന്നിവയാണ് നൽകിയിരിക്കുന്നത്. തമിഴ്‌നാട് ബിജെപിയുടെ ചുമതല കേന്ദ്രമന്ത്രി പിയുഷ് ഗോയലിനാണ്. തമിഴ്‌നാട്ടിലെ ഡിഎംകെ - കോൺഗ്രസ് സഖ്യത്തെ ഇത്തവണ ജനങ്ങൾ തള്ളിക്കളയുമെന്നാണ് ഗോയൽ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന, ബിഹാർ, ഡൽഹി എന്നിവടങ്ങളിലെ വോട്ടർമാരെ പോലെ ഇന്ത്യ ബ്ലോക്കിനെ തമിഴ്‌നാട്ടിലെ ജനങ്ങളും കൈവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റഘട്ടമായി ഏപ്രിൽ 23നാണ് തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 9നാണ്.
Content Highlights: BJP former state president has withdrawn from contesting in the upcoming assembly polls