ഹിപ്പോപ്പൊട്ടാമസ് ആക്രമണത്തില്‍ മരിച്ച ഡോക്ടറുടെ പേര് ആദരസൂചകമായി മൃഗശാലയിലെ കുട്ടിയാനക്ക് നല്‍കാന്‍ തീരുമാനം

ശിവമോഗ സര്‍ക്കിള്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് ഹനുമന്തപ്പ ശിവമോഗ മൃഗശാലയില്‍ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ഹിപ്പോപ്പൊട്ടാമസ് ആക്രമണത്തില്‍ മരിച്ച ഡോക്ടറുടെ പേര് ആദരസൂചകമായി മൃഗശാലയിലെ കുട്ടിയാനക്ക് നല്‍കാന്‍ തീരുമാനം
dot image

ശിവമോഗ: ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ മരിച്ച മൃഗ ഡോക്ടറുടെ പേര് അവരോടുള്ള ആദരസൂചകമായി ശിവമോഗ മൃഗശാലയിലെ കുട്ടിയാനയ്ക്ക് നല്‍കാന്‍ തീരുമാനിച്ച് കര്‍ണാടക മൃഗശാല അധികൃതര്‍(Zoo Authority of Karnataka ZAK). ബന്നേര്‍ഘട്ടാ ബയോളജിക്കല്‍ പാര്‍ക്കിലെ കുട്ടിയാനയ്ക്കാണ് ഡോക്ടർ സമീക്ഷ റെഡ്ഢിയുടെ പേര് നല്‍കുക. ZAK ചെയര്‍മാന്‍ കെ രംഗസ്വാമിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ശിവമോഗ മൃഗശാല സന്ദര്‍ശിച്ച അദ്ദേഹം ഡോക്ടറുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. സമീക്ഷയുടെ മരണം കുടുംബത്തിന് തീരാദുഃഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുമ്പുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ രാജിവച്ചതിനെ തുടര്‍ന്ന് വെറ്ററിനറി ജീവനക്കാരുടെ വലിയ കുറവാണ് മൃഗശാലയിൽ അനുഭവപ്പെടുന്നതെന്ന് ZAK ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൃത്യവിലോപമാണോ സമീക്ഷയുടെ മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയോട് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വനമന്ത്രി ഈശ്വര്‍ ബി ഖാന്‍ദ്രേയുടെ നിര്‍ദേശത്തിന് പിന്നാലെ ശിവമോഗ സര്‍ക്കിള്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ്‌സ് ഹനുമന്തപ്പ ശിവമോഗ മൃഗശാലയില്‍ എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃഗശാലയില്‍ പതിവ് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ വെറ്ററിനറി ഡോക്ടര്‍ മരിച്ചത്. തവരേകോപ്പാ ലയണ്‍ ആന്‍ഡ് സഫാരി മൃഗശാലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിതയായ ഡോക്ടറായിരുന്നു സമീക്ഷ. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.30ന് ഒരു സണ്‍ കൊനൂര്‍ പക്ഷിയെ പരിശോധിച്ച ശേഷം 11.45ഓടെ ഗര്‍ഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതാണ് ഡോക്ടര്‍. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടയിലാണ് ഹിപ്പോ ഇവരെ ആക്രമിച്ചത്.

Content Highlights: The Zoo Authority of Karnataka has decided to name a newborn elephant calf in Shivamogga Zoo after the veterinarian who lost her life in a hippo attack

dot image
To advertise here,contact us
dot image