യുഎഇയിൽ മൃഗചികിത്സയ്ക്ക് സിപ്രോഫ്ലോക്സാസിൻ നിരോധിക്കുന്നു; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

ആന്റിമൈക്രോബിയൽ പ്രതിരോധത്തെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധന തീരുമാനം

യുഎഇയിൽ മൃഗചികിത്സയ്ക്ക് സിപ്രോഫ്ലോക്സാസിൻ നിരോധിക്കുന്നു; നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
dot image

യുഎഇയിൽ മൃഗചികിത്സയ്ക്ക് സിപ്രോഫ്ലോക്സാസിൻ നിരോധിക്കുന്നു. ആന്റിമൈക്രോബിയൽ പ്രതിരോധം തടയുന്നതിനും മനുഷ്യചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തി സംരക്ഷിക്കുന്നതിനുമായാണ് മൃഗചികിത്സയ്ക്ക് സിപ്രോഫ്ലോക്സാസിൻ ഉപയോഗിക്കുന്നത് യുഎഇ നിരോധിക്കുന്നത്. നവംബർ ഒന്നുമുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (EDE) അറിയിച്ചു.

മനുഷ്യരിലെ ചില ബാക്ടീരിയൽ അണുബാധകൾ ചികിത്സിക്കാൻ നിർണായകമായതിനാൽ ഫ്ലൂറോക്വിനോലോൺ വിഭാഗത്തിലെ ഈ ആന്റിബയോട്ടിക്കുകളെ മനുഷ്യചികിത്സയ്ക്ക് അതീവ പ്രാധാന്യമുള്ള ആന്റിമൈക്രോബിയലുകളായി (Critically Important Antimicrobials) വർഗീകരിച്ചിട്ടുണ്ട്. മൃഗങ്ങളിൽ ഈ മരുന്നുകൾ അനുചിതമായി ഉപയോഗിക്കുന്നത് ബാക്ടീരിയകളിൽ മരുന്നുകളോടുള്ള പ്രതിരോധം വർധിപ്പിക്കാൻ ഇടയാക്കും. ഇതോടെ നിലവിലുള്ള ചികിത്സകളുടെ ഫലപ്രാപ്തി കുറയുകയും പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുകയും ചെയ്യാം. സിപ്രോഫ്ലോക്സാസിൻ അടങ്ങിയ വെറ്ററിനറി മരുന്നുകൾക്കും അവയുടെ അസംസ്കൃത വസ്തുക്കൾക്കുമാണ് നിരോധനം ബാധകമാകുന്നത്. എട്ട് ഇറക്കുമതി ഉൽപ്പന്നങ്ങളും യുഎഇയിൽ രജിസ്റ്റർ ചെയ്ത ഒരു ഉൽപ്പന്നവും ഉൾപ്പെടെ ഒൻപത് വെറ്ററിനറി ഉൽപ്പന്നങ്ങൾ ഇതിന്റെ പരിധിയിൽ വരും.

നിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായി, ബന്ധപ്പെട്ട ഉൽപ്പന്നങ്ങളും അസംസ്കൃത വസ്തുക്കളും തിരിച്ചറിയുന്നതിനുള്ള നിയന്ത്രണ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അധികൃതർ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, വിതരണം എന്നിവ നിർത്തുക. നിരോധനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വിപണിയിലുള്ള സ്റ്റോക്ക് പിൻവലിക്കുക. ശേഷിക്കുന്ന സ്റ്റോക്ക് അംഗീകൃത നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും കയറ്റുമതി ചെയ്യുകയോ നിർമാർജനം ചെയ്യുകയോ ചെയ്യുക. നിർദേശിച്ച നടപടികൾ പൂർത്തിയാക്കിയതായി സ്ഥിരീകരിക്കുന്ന രേഖകൾ സമർപ്പിക്കുക എന്നിവയാണിവ. കൂടാതെ നിശ്ചിത സമയപരിധിക്കുള്ളിൽ സ്ഥാപനങ്ങൾ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരീക്ഷണ പദ്ധതിയും EDE തയ്യാറാക്കുന്നുണ്ട്. ആന്റിമൈക്രോബിയൽ പ്രതിരോധത്തെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധന തീരുമാനം. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർവകലാശാല സമർപ്പിച്ച പഠനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഓരോ ആന്റിമൈക്രോബിയൽ വസ്തുവുമായും ബന്ധപ്പെട്ട അപകടസാധ്യതകളും വിവിധ മേഖലകളിലെ ചികിത്സാ മുൻഗണനകളിൽ അവ ചെലുത്തുന്ന സ്വാധീനവും വിലയിരുത്തേണ്ടത് പ്രധാനമാണെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിലെ മെഡിക്കൽ പ്രോഡക്ട്സ് റെഗുലേഷൻ വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. റുഖയ്യ അഖീൽ അൽ ബസ്താക്കി പറഞ്ഞു. നിയന്ത്രണ നടപടികൾ എത്രത്തോളം ശക്തമാക്കണമെന്ന് തീരുമാനിക്കുന്നതിൽ ശാസ്ത്രീയ തെളിവുകൾക്ക് നിർണായക പങ്കുണ്ടെന്നും അവർ വ്യക്തമാക്കി. ആന്റിമൈക്രോബിയൽ പ്രതിരോധം മുൻകൂട്ടി തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും അൽ ബസ്താക്കി കൂട്ടിച്ചേർത്തു.

Content Highlights: UAE will ban ciprofloxacin in veterinary products from November 1, 2026, to combat antimicrobial resistance and preserve the effectiveness of antibiotics used in human medicine.

dot image
To advertise here,contact us
dot image