ഹോർമൂസ് പ്രതിസന്ധി; സംഘര്‍ഷം നിലനില്‍ക്കുന്ന റൂട്ടിലൂടെയുള്ള ഷിപ്പ്‌മെന്റുകള്‍ക്ക് യുദ്ധകാല ഇന്‍ഷുറന്‍സ്

ഇത്തരത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഇടങ്ങളിലൂടെയുള്ള യാത്ര നടത്തുന്ന കപ്പലുകള്‍ക്കായി 4.97ബില്യണ്‍ രൂപ(53.26മില്യണ്‍ ഡോളര്‍)യുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കാനാണ് തീരുമാനം

ഹോർമൂസ് പ്രതിസന്ധി; സംഘര്‍ഷം നിലനില്‍ക്കുന്ന റൂട്ടിലൂടെയുള്ള ഷിപ്പ്‌മെന്റുകള്‍ക്ക് യുദ്ധകാല ഇന്‍ഷുറന്‍സ്
dot image

ന്യൂഡല്‍ഹി: ചരക്കുഗതാഗതത്തിനുള്ള ചെലവുമായി ബന്ധപ്പെട്ട് എക്‌സ്‌പോര്‍ട്ടര്‍മാര്‍ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കനത്ത സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഇടനാഴികളില്‍ കൂടിയുള്ള ഷിപ്പ്‌മെന്റുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം. സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചിമേഷ്യയില്‍ കൂടിയുള്ള കപ്പല്‍ യാത്രകള്‍ കൂടുതല്‍ ചെലവേറിയതായി മാറിയിരിക്കുന്നുവെന്ന് മന്ത്രാലയം തന്നെ വ്യക്തമാക്കുന്നു. ഇതോടെയാണ് ഇത്തരത്തില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഇടങ്ങളിലൂടെയുള്ള യാത്ര നടത്തുന്ന കപ്പലുകള്‍ക്കായി 4.97ബില്യണ്‍ രൂപ(53.26മില്യണ്‍ ഡോളര്‍)യുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇത് ചെലവിന് സ്ഥിരത നല്‍കുന്നതിനൊപ്പം ഓര്‍ഡറുകൾ റദ്ദാക്കപ്പെടാനുള്ള സാധ്യത തടയുകയും ചെയ്യുമെന്ന് കേന്ദ്രം വിശദീകരിക്കുന്നുണ്ട്.

എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ മിഷന്റെ ഭാഗമായിട്ടാണ് പുതിയ സ്‌കീം പ്രഖ്യാപിക്കുന്നതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു. സംഘര്‍ഷം മൂലം പ്രതിസന്ധിയിലായ ഇടങ്ങളിലൂടെ യാത്ര നടത്തേണ്ടി വരുന്ന എക്‌സ്‌പോര്‍ട്ടര്‍മാര്‍ നേരിടേണ്ടി വരുന്ന വെല്ലുവിളിയുടെ തീവ്രത കുറയ്ക്കാന്‍ ഈ നീക്കം ഒരുപരിധി വരെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റിലീഫ് സ്‌കീമിന് കീഴില്‍ വരുന്ന, എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ECGC) ഇംപ്ലിമെന്റിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന പദ്ധതിയാണിത്. ഷിപ്പിങ് ഡിലേ നിയന്ത്രണവിധേയമാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്‌സ്‌പോര്‍ട്ട് കമ്മിറ്റ്‌മെന്റുകള്‍ പൂര്‍ത്തികരിക്കാനുള്ള സമയം നീട്ടിനല്‍കുക, ഗതാഗതത്തിനുള്ള സൗകര്യം, സാമ്പത്തിക സഹായം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉറപ്പാക്കും.

യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, ഇറാഖ്, ഇറാന്‍, ഇസ്രയേല്‍, യമന്‍ എന്നിവടങ്ങിലേക്കും അവിടെ നിന്നുമുള്ള ചരക്കുഗതാഗതമാണ് ഇതില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. അധികമായുള്ള യുദ്ധകാല പ്രീമിയവും ഇതില്‍ ഉള്‍പ്പെടും. സാധാരണ സാഹചര്യങ്ങളില്‍ ഇത് ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. ഏകദേശം 0.01% മുതല്‍ 0.02% വരെയാണ് ഇതിന്റെ നിരക്ക്. അതേസമയം നിലവിലെ അപകടസാധ്യതകള്‍ കണക്കിലെടുത്ത് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടിയുള്ള യാത്രകള്‍ക്ക് പ്രീമിയം കൂടും. ഇക്കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികളും ഉറപ്പുവരുത്തും. ഇന്ത്യയിലേക്കുള്ള കപ്പല്‍ഗതാഗതം ഇപ്പോഴും സുഗമമായി തന്നെയാണ് തുടരുന്നതെന്നും സിന്‍ഹ വ്യക്തമാക്കി. മാത്രമല്ല വിശാഖപട്ടണം തുറമുഖ അധികൃതര്‍ അധികമായി വരുന്ന കാര്‍ഗോ സൂക്ഷിക്കാനായി 2250 ചതുരശ്ര അടി സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു തുറമുഖമായ ഗുജറാത്തിലെ മുന്ദ്രയില്‍ ഇപ്പോള്‍ 25ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും ഇവിടെ 400,000 TEUs കണ്ടെയ്ന്‍ ശേഷി ഉണ്ടെന്നും സിന്‍ഹ വ്യക്തമാക്കി. അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഇന്ത്യന്‍ കപ്പലുകള്‍ക്ക് യുദ്ധകാല ഇന്‍ഷുറന്‍സ് ഉറപ്പാക്കാന്‍ ആയിരം കോടി രൂപയുടെ ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘര്‍ഷം ഉയര്‍ന്ന സാഹചര്യത്തില്‍ സേവനങ്ങള്‍ അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനികള്‍ അവസാനിപ്പിച്ചിരുന്നു. റഷ്യ-ഉക്രൈന്‍യുദ്ധകാലത്ത് ജിഐസി റെ നിയന്ത്രണത്തില്‍ രൂപീകരിച്ച 'മറൈന്‍ കാര്‍ഗോ എക്‌സ്‌ക്ലൂഡഡ് ടെറിട്ടറി പൂള്‍' എന്നഇന്‍ഷുറന്‍സ് മാതൃകയിലായിരിക്കും ഇതിന്റെ നടപടികള്‍.

Content Highlights: India has introduced insurance support measures for shipments passing through conflict-hit regions, especially in West Asia, to protect exporters from rising risks

dot image
To advertise here,contact us
dot image