

ന്യൂഡല്‍ഹി : ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണയുടെ നിഷ്‌ക്രിയ ദയാവധ വിധിയിൽ കുടുംബത്തിനൊപ്പം നിന്നത് മലയാളി അഭിഭാഷക രശ്മി നന്ദകുമാർ. കൊല്ലം സ്വദേശിനിയായ രശ്മി മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും നാഷനൽ ഡയറി ഡെവലപ്മെന്റ് ബോർഡ് മുൻ ചെയർമാനുമായിരുന്ന ടി നന്ദകുമാറിന്റെയും രമയുടെയും മകളാണ്.
കൊൽക്കട്ട എൻയുജെഎസിൽ നിന്ന് നിയമ ബിരുദം നേടിയ രശ്മി, 2008 മുതൽ സുപ്രീം കോടതിയിൽ അഭിഭാഷകയുമാണ്. ദയാവധം നിയമവിധേയമാക്കിയ കോമണ്‍ കോസ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലെ ഉത്തരവില്‍ മാറ്റം വരുത്താന്‍ 2023 ല്‍ മുന്നില്‍ നിന്നയാളാണ് രശ്മിയെന്നതും ശ്രദ്ധേയമായിരുന്നു. നിഷ്‌ക്രിയ ദയാവധവുമായി ബന്ധപ്പെട്ട് രോഗിയോ രോഗിയുടെ ഉറ്റവരോ സുപ്രീംകോടതിയിലെത്തുന്ന ആദ്യകേസ് കൂടിയാണ് രശ്മി വാദിച്ച ഈ കേസ്.
ഹരീഷ് റാണയ്ക്ക് നിഷ്‌ക്രിയ ദയാവധം അനുവദിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ 2024-ൽ സുപ്രീംകോടതി തള്ളിയിരുന്നു. ഹരീഷ് വെന്റിലേറ്ററിലോ ഏതെങ്കിലും ജീവൻരക്ഷാ സഹായിയുടേയോ പിൻബലത്തിലല്ല കഴിയുന്നതെന്ന് ഹർജി തള്ളിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. അതേസമയം, സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യംനൽകിയിരുന്നു. തുടർന്നാണ് ഭേദഗതിവരുത്തിയ അപേക്ഷയുമായി രശ്മിയും ഹരീഷ് റാണയുടെ പിതാവും വീണ്ടും സുപ്രീംകോടതിയിലെത്തുകയായിരുന്നു.
ഇതിന് പിന്നാലെയാണ് മരിക്കാനുള്ള അന്തസ്സുള്ള അവകാശത്തെ അംഗീകരിച്ച 2018-ലെ 'കോമണ്‍ കോസ്' വിധിയുടെ (2023ല്‍ ഭേദഗതി ചെയ്തത്) അടിസ്ഥാനത്തിലാണ് നിഷ്‌ക്രിയ ദയാവധം നിയമപരമായി അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിലൊരു വിധിക്ക് സുപ്രീംകോടതി അനുമതി നല്‍കുന്നതും.
2013 ഓഗസ്റ്റിൽ പഞ്ചാബ് സർവകലാശാലയിൽ എൻജിനീയറിങ്ങിനു പഠിക്കുമ്പോൾ,
താമസിച്ചിരുന്ന വാടക കെട്ടിടത്തിൽനിന്നു വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. അന്നു മുതൽ കിടപ്പിലാണ്. ശരീരം അനക്കാൻ പോലും കഴിയാത്ത വിധത്തിലായിരുന്നു ഹരീഷ് . അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്ന കുടുംബം തന്നെയാണ് ഹരീഷിനെ പരിപാലിച്ചിരുന്നത്. എന്നാൽ, സാമ്പത്തിക പരാധീനതയും മകൻ അനുഭവിക്കുന്ന ദൈന്യതയുമാണ് ദയാമരണം തേടാൻ കുടുംബത്തെ പ്രേരിപ്പിച്ചത്.
രോഗി ജീവച്ഛവമായ അവസ്ഥയിലെങ്കില്‍ മാത്രം ദയാവധം പരിഗണിക്കാം. ദയാവധത്തിന് മുന്‍പ് രോഗിക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണം. ദയാവധം നിയമപരമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ദയാവധത്തിന് അനുമതി നല്‍കിയ 2018ലെ കോമണ്‍ കോസ് വിധിന്യായം പരിഷ്‌കരിച്ചാണ് സുപ്രീംകോടതിയുടെ വിധി. 13 വര്‍ഷമായി ജീവച്ഛവമായി കഴിയുന്ന യുപി ഗാസിയാബാദ് സ്വദേശിയായ ഹരീഷ് റാണയുടെ വൈദ്യസഹായം പിന്‍വലിക്കാം. സ്നേഹവും ജീവിതവും നല്‍കുന്ന കുടുംബത്തിന് അനുയോജ്യമായ വിധിയല്ല ഇതെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ അനുമതി. ഹരീഷ് റാണയെ കുടുംബം വേണ്ടെന്ന് വയ്ക്കുകയല്ല, അന്തസോടെ മരിക്കാന്‍ അനുവദിക്കുകയാണെന്നും സുപ്രീംകോടതി പറഞ്ഞു.
ദയാവധത്തിന് മുന്‍പ് രോഗിക്ക് സാധ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കണം. രോഗി ജീവച്ഛവമായ അവസ്ഥയിലെങ്കില്‍ ദയാവധം പരിഗണിക്കാം. ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരുടെ അനുമതിയോടെ രോഗിയുടെ വൈദ്യസഹായം പിന്‍വലിക്കാം. വൈദ്യ സഹായം പിന്‍വലിച്ചാല്‍ മരണം വരെ പാലിയേറ്റീവ് കെയര്‍ നല്‍കണം. നടപടികള്‍ക്ക് ദ്വിതല മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരം അനിവാര്യമാണ്. ചീഫ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അനുമതി നല്‍കണം. രോഗി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടാല്‍ മാത്രം ദയാവധം നടപ്പാക്കാം. ദയാവധം മനുഷ്യത്വപരമാകണം. മരണത്തിന് വിധേയനാകുന്ന രോഗിയുടെ പരമമായ അന്തസ് മാനിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
2018ലെ വിധിയനുസരിച്ച് ദയാവധം നിയമപരമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്നുമാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഒരു വ്യക്തിക്ക് മരണം നല്‍കാന്‍ വേണ്ടിയുള്ള വിധിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൃത്രിമ സാഹചര്യങ്ങളില്‍ മാത്രം ജീവന്‍ നിലനിര്‍ത്തുന്നത് ഒഴിവാക്കാനുള്ള വിധിയെന്നും നിരീക്ഷിച്ചാണ് ദയാവധത്തിന് ജസ്റ്റിസുമാരായ ജെബി പാര്‍ഡിവാല, കെവി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ അനുമതി നൽകിയത്.
Content Highlight : Malayali lawyer Rashmi Nandakumar successfully argued in the Supreme Court for Harish Rana to receive passive euthanasia, marking a significant legal decision.