

കൃഷ്ണ: ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിൽ സ്‌കൂൾ ക്യാമ്പസിനുള്ളിൽ നടന്ന തർക്കത്തിനിടയിൽ പത്താം ക്ലാസുകാരൻ അധ്യാപകനെ മർദ്ദിച്ചു. വീരവല്ലി സില്ല പരിഷത്ത് ഹൈസ്‌കൂളിലാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടയിൽ ഉണ്ടായ ഒരു പ്രശ്‌നത്തിൽ ഇടപെട്ട് കുട്ടികളെ ശാസിക്കുകയായിരുന്നു അധ്യാപകൻ. ഇതിനിടയിൽ അധ്യാപകനും ഒരു വിദ്യാർത്ഥിയും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് വിദ്യാർത്ഥി അധ്യാപകന്‍റെ നെഞ്ചത്തേക്ക് ഇടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ അധ്യാപകന് നേരെ കുട്ടി ദേഷ്യത്തോടെ സമീപിക്കുന്നതും മറ്റ് കുട്ടികൾ തടയുന്നതും കാണാം.
വാക്കുതർക്കത്തിന് ഇടയിൽ തന്റെ അമ്മയെ കുറിച്ച് അധ്യാപകൻ അനാവശ്യം പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് കുട്ടി പറയുന്നത്. ഇതോടെ നാട്ടുകാരും പ്രശ്‌നത്തിൽ ഇടപെട്ടിരിക്കുകയാണ്. പിന്നാലെ സ്‌കൂൾ അധികൃതർ സംഭവത്തിൽ ഇടപെടുകയും വിദ്യാഭ്യാസ വകുപ്പിനെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്തു. സാഹചര്യം കൂടുതൽ രൂക്ഷമാകാതിരിക്കാനുള്ള നടപടികളാണ് അധികാരികൾ സ്വീകരിച്ചത്.
കുട്ടിയെ വിളിച്ചുവരുത്തിയ പൊലീസ് ചോദ്യം ചെയ്യുകയും കൗൺസിലിങിന് വിധേയമാക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാർത്ഥി ആയതിനാൽ സൂഷ്മതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാനാണ് പൊലീസിന്റെയും തീരുമാനം. അതേസമയം തർക്കത്തിനുള്ള കാരണം അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കി. പ്രധാനപരീക്ഷകൾ നടക്കാനിരിക്കേ ഇത്തരം പ്രശ്‌നങ്ങൾ ഉയരുന്നതും അധ്യാപകരും കുട്ടികളും തമ്മിലുള്ള ആശയവിനിമയം, അച്ചടക്കം എന്നിവയിലടക്കം ആശങ്ക ഉയരുന്നുണ്ട്.
Content Highlights: A Class 10 student allegedly assaulted a teacher during an argument at a school in Andhra Pradesh