'KERALAM' എന്നാക്കിയത് വെറുതെയല്ല, ബിജെപി-സിപിഐഎം ധാരണയുടെ തെളിവാണിത്; ആരോപണവുമായി മമത ബാനർജി

കേരള സർക്കാർ ഏറെ നാളായി ഉയർത്തുന്ന ആവശ്യം അംഗീകരിക്കുന്നതിന്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

'KERALAM' എന്നാക്കിയത് വെറുതെയല്ല, ബിജെപി-സിപിഐഎം ധാരണയുടെ തെളിവാണിത്; ആരോപണവുമായി മമത ബാനർജി
dot image

കൊൽക്കത്ത: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള ആവശ്യത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയതിന് പിന്നാലെ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിപിഐഎം-ബിജെപി ധാരണയുടെ പുറത്താണ് ഇത്തരത്തിൽ ഒരു മാറ്റത്തിന് അംഗീകാരം ലഭിച്ചതെന്നാണ് മമത ബാനർജിയുടെ ആരോപണം. പശ്ചിമ ബംഗാൾ (West Bengal) എന്ന പേര് മാറ്റ് ബംഗ്ല എന്നാക്കണമെന്ന വർഷങ്ങളായി തന്റെ സർക്കാർ ഉയർത്തുന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകാത്തത് ചൂണ്ടിക്കാട്ടിയാണ് മമതയുടെ വിമർശനം.

'കേരളം എന്നല്ല ഒരു സംസ്ഥാനത്തോടും ഞങ്ങൾക്ക് ഒരു എതിർപ്പുമില്ല. പക്ഷെ കേരളം എന്നാക്കാനുള്ള ആവശ്യത്തിന് ഇപ്പോൾ അംഗീകാരം നൽകിയത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയുടെ പുറത്താണ് എന്ന് വ്യക്തമാണ്. ബിജെപി എക്കാലവും അധികാരത്തിൽ കാണില്ല. നമ്മുടെ സംസ്ഥാനത്തിന് സ്വന്തമായ ബംഗാളി പേര് ലഭിക്കുന്ന നാൾ വരും,' മമത ബാനർജി പറഞ്ഞു.

2011 ൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തത് മുതൽ സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്നാക്കി മാറ്റണമെന്ന് മമത ബാനർജി ആവശ്യപ്പെടുന്നുണ്ട്. പശ്ചിമ ബംഗാൾ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് നടപടികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇതുവരെയും ഈ ആവശ്യത്തിൽ അനുകൂല നിലപാട് എടുത്തിട്ടില്ല.

Also Read:

West Bengal എന്ന പേര് വരുമ്പോൾ എവിടെയും ആൽഫബെറ്റ് ക്രമപ്രകാരം സംസ്ഥാനത്ത് നിന്നുള്ളവർ അവസാന നിരയിലേക്ക് പിന്തള്ളപ്പെടുന്നു എന്നാണ് മമത നേരത്തെ തന്നെ ചൂണ്ടിക്കാണിക്കുന്നത്. പേര് Bangla എന്നാക്കിയാൽ അത് ബംഗാളി ഭാഷയിലേത് പോലെ തന്നെ എല്ലാ ഭാഷയിലും അവതരിപ്പിക്കപ്പെടും എന്ന് മാത്രമല്ല സംസ്ഥാനത്തുള്ളവർക്ക് മുൻഗണന ലഭിക്കാൻ ഇടയാകുമെന്നും മമത ബാനർജി പറഞ്ഞിട്ടുണ്ട്.

കേരളം എന്നാക്കി മാറ്റിയത് തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള നീക്കമാണെന്ന് പരാമർശിച്ച് കോൺഗ്രസ് എം പി ശശി തരൂരും രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. 'എല്ലാം നല്ലതിന് തന്നെ. പക്ഷെ ഒരു ഭാഷാപരമായ ചോദ്യം അതിൽ താൽപര്യമുള്ളവരോട് എനിക്ക് ചോദിക്കാനുണ്ട്. കേരളൈറ്റ് (Keralaite), കേരളൻ(kerala) എന്നീ വാക്കുകൾക്ക് ഇനി എന്ത് സംഭവിക്കും ? കേരളത്തിൽ (keralam) ജീവിക്കുന്നവരെ ഇനി എന്താണ് വിളിക്കുക. കേരളമൈറ്റ് (Keralamite) എന്ന് ഉപയോഗിക്കാമെന്ന വെച്ചാൽ അതൊരു സൂക്ഷ്മാണുവിന്റെ പേര് പോലെയുണ്ട്. കേരളമിയൻ (Keralamian) എന്ന് വിളിക്കാമെന്ന് വെച്ചാൽ അത് ഏതോ അപൂർവ്വ ധാതുവിനെ പോലെ തോന്നും. കേരളത്തിന്റെ മുഖ്യമന്ത്രി ഇതിനു വേണ്ടിയും ഒരു മത്സരം നടത്തിയേക്കാം. എന്തായാലും ഇതൊക്കെ ഒരു ഇലക്ഷൻ നീക്കമാണല്ലോ,' ശശി തരൂർ എക്സിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക അക്കൗണ്ട് അടക്കം ടാഗ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്റെ പോസ്റ്റ്.

Also Read:

അതേസമയം, കേരള സർക്കാർ ഏറെ നാളായി ഉയർത്തുന്ന ആവശ്യം അംഗീകരിക്കുന്നതിന്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാ തീർത്ഥിൽ ചേർന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേരളം ആക്കുന്നതിനുള്ള ബില്ല് ആദ്യം നിയമസഭയുടെ അംഗീകാരത്തിന് അയക്കും. അതിന് ശേഷം പാർലമെന്റിൽ കൊണ്ടുവരും എന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 'കേരളം' എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും 'കേരളം' എന്ന് മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഇന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്.

Also Read:

2023 ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽമതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്ന് പരിഷ്‌കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയക്കുകയായിരുന്നു.

Content Highlights: Mamata Banerjee alleges CPIM-BJP understanding in centre approving Keralam name change. She says centre has never allowed to change West Bengal to Bangla even after repeated petitions

dot image
To advertise here,contact us
dot image