

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ( ജെഎൻയു) വീണ്ടും വിദ്യാർത്ഥി സംഘർഷം. ജാതി അധിക്ഷേപ പരാമർശത്തിൽ വി സിക്കെതിരെ നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. വൈസ് ചാൻസിലർ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റിന്റെ രാജി ആവശ്യം ശക്തമാക്കികൊണ്ടാണ് ഇടത് സംഘടനകൾ മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ചിൽ ഇടത് വിദ്യാർത്ഥി സംഘടനകളും എബിവിപി പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. എബിവിപി പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞത്. എന്നാൽ എസ്എഫ്ഐ പ്രവർത്തകർ തങ്ങളെ മർദ്ദിച്ചെന്ന് എബിവിപിയും ആരോപിച്ചു.
യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്‌കാസ്റ്റിനിടെ വി സി നടത്തിയ പ്രസ്താവനയിലാണ് വിദ്യാർത്ഥി പ്രതിഷേധമുണ്ടായത്. വിസിയുടെ ജാതി അധിക്ഷേപ പരാമർശത്തിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്നും ഇത്തരമൊരു വി സി ജെഎൻയു പോലൊരു സ്ഥാപനത്തിന് ആവശ്യമില്ലെന്നും മുൻ ജെഎൻയു പ്രസിഡൻ്റ് നിതീഷ് കുമാർ പറഞ്ഞു. ജെഎൻയുവിനെ മുഴുവൻ പ്രതിനിധീകരിക്കുന്ന പങ്കാളിത്തമാണ് ഇതെന്നും പ്രതിഷേധക്കാർ പറഞ്ഞു. സമീപ മാസങ്ങളിൽ ക്യാമ്പസിൽ നടന്ന ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നാണിതെന്നും
ഇടത് വിദ്യാർത്ഥി യൂണിയനുകൾ അവകാശപ്പെട്ടു.
ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്കാസ്റ്റിലാണ് വി സി ജാതി അധിക്ഷേപം നടത്തിയത്. ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ ജാതിവിവേചനം ഇല്ലാതാക്കുന്നതിലായി യുജിസി പുറത്തിറക്കിയ ചട്ടങ്ങൾ യുക്തിരഹിതമാണെന്ന് വിസി പറഞ്ഞിരുന്നു. സ്ഥിരമായ ഇരവാദം ഇവിടെ നിലനിൽക്കുന്നുണ്ടെന്നും ഈ വാദം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു വിസി പറഞ്ഞത്. കറുത്ത വംശജർ ഉയർത്തുന്ന വാദമാണ് അതെന്നും വിസി ആരോപിച്ചിരുന്നു.
Content Highlights: VC's casteist remark: Clashes break out in JNU; Stones pelted at students