

കൊല്‍ക്കത്ത: മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മുകുള്‍ റോയ് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസിലൂടെയായിരുന്നു മുകുള്‍ റോയിയുടെ രാഷ്ട്രീയ പ്രവേശം. 1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുമ്പോള്‍ മമത ബാനര്‍ജിയുടെ വലംകൈയ്യായി നിന്ന നേതാവായിരുന്നു മുകുള്‍ റോയ്. 2011ല്‍ 34 വര്‍ഷം നീണ്ടുനിന്ന ഇടതുഭരണം അവസാനിപ്പിക്കുന്നതിലും അതിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് അതിന്റെ സ്വാധീനം വര്‍ധിപ്പിച്ചതോടെ ദേശീയ തലസ്ഥാനത്തെ പാര്‍ട്ടിയുടെ മുഖമായിരുന്നു മുകുള്‍ റോയ്. 2006ല്‍ രാജ്യസഭാംഗമായി. 2009 മുതല്‍ 2012 വരെ രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവായിരുന്നു. ബംഗാള്‍ രാഷ്ട്രീയത്തിലെ ചാണക്യനെന്നായിരുന്നു മുകുള്‍ റോയ് അറിയപ്പെട്ടിരുന്നത്.
ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പേര് വന്നതോടെ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വന്നു. മമത ബാനര്‍ജി മുകുളിനെ പരിഗണിക്കാതെയായി. 2017ല്‍ മുകുള്‍ റോയ് താന്‍ മുന്നില്‍ നിന്ന് രൂപീകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. അടുത്ത വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏവരെയും ഞെട്ടിച്ചുകൊണ്ട് ബിജെപി 18 സീറ്റുകള്‍ നേടി. ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം മുകുള്‍ റോയ് ആണെന്ന് രാഷ്ട്രീയ രംഗത്തെ ഏവരും അംഗീകരിച്ചു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മുകുള്‍ റോയ് കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള കാലത്ത് ബിജെപിയുമായുള്ള മുകുള്‍ റോയുടെ ബന്ധം അത്ര നല്ലതായിരുന്നില്ല. 2021 ജൂണില്‍ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി.
Content Highlights: key architect of ending 34 years of left rule in Bengal, Mukul Roy, has passed away