

ചെന്നൈ: ക്ഷേത്ര ക്ഷണക്കത്തുകളിലും നോട്ടീസുകളിലും ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പേരിനൊപ്പം ജാതിപ്പേരുകള്‍ ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 വിഭാവനം ചെയ്യുന്ന സമത്വം എന്ന അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. മനുഷ്യരുടെ മനസില്‍ മാത്രമാണ് ജാതിയെന്നും ഭരണഘടനയില്‍ എല്ലാവരും ഒരുപോലെയാണെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. ജാതിചിന്ത ഉന്മൂലനം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
തമിഴ്‌നാട് ദേവസ്വം വകുപ്പിന് കീഴിലെ ഹൈന്ദവ ക്ഷേത്രങ്ങളിലെ ഉത്സവ നോട്ടീസുകളില്‍ ജാതിപ്പേരുകള്‍ ഉള്‍പ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ജസ്റ്റിസ് ഡി ഭരതചക്രവര്‍ത്തിയുടേതാണ് ഉത്തരവ്. ചെങ്കല്‍പ്പേട്ട് ജില്ലയിലെ തിരുപ്പോരൂര്‍ അരുള്‍മിഗു കന്തസാമി തിരുക്കോവിലിലെ ഉത്സവത്തോട് അനുബന്ധിച്ച നോട്ടീസുകള്‍ തെളിവിനായി ഹര്‍ജിക്കാരനായ എന്‍ സമരന്‍ സമര്‍പ്പിച്ചിരുന്നു.
രാജ്യം റിപ്പബ്ലിക്കായതിന്റെ ലക്ഷ്യം എല്ലാവരെയും തുല്യരായി പരിഗണിക്കുക എന്നതാണെന്നും ജാതിപ്പേര് ജനനത്തെ മാത്രം അടിസ്ഥാനമാക്കിയുളളതാണെന്നും കോടതി നിരീക്ഷിച്ചു. ആചാരങ്ങളിലുളള ജാതിയുടെ കടന്നുകയറ്റം ഭരണഘടനയുടെ സമത്വ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും വിഗ്രഹ ഘോഷയാത്രയും പൂജാക്രമങ്ങളും പോലുളള ആചാരവിഷയങ്ങളില്‍ മാത്രം ക്ഷേത്രഭാരവാഹികള്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Content Highlights: Caste names of office bearers should be omitted from temple invitations: Madras High Court