ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ബംഗ്ലാദേശ് പാര്‍ലമെന്റിലെ 297 സീറ്റുകളില്‍ 209 സീറ്റുകള്‍ നേടിയാണ് ബിഎന്‍പി അധികാരത്തിലെത്തിയത്

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
dot image

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താരിഖ് റഹ്‌മാന് ആശംസകള്‍ അറിയിച്ച മോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യ- ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കണമെന്ന് നരേന്ദ്രമോദി കത്തില്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലുമണിയോടെയാണ് താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. താരിഖ് റഹ്‌മാനെ കൂടാതെ 25 മന്ത്രിമാരും 24 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്.

താരിഖ് റഹ്‌മാനെ ബിഎന്‍പി നേരത്തെ പാര്‍ലമെന്ററി നേതാവായി തെരഞ്ഞെടുത്തിരുന്നു. ബംഗ്ലാദേശ് പാര്‍ലമെന്റിലെ 297 സീറ്റുകളില്‍ 209 സീറ്റുകള്‍ നേടിയാണ് ബിഎന്‍പി അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയാണ് പങ്കെടുത്തത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ഒപ്പമുണ്ടായിരുന്നു.

പ്രവചനങ്ങള്‍ എല്ലാം മറികടന്ന വമ്പന്‍ വിജയമായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടേത്. എന്നാൽ ജമാഅത്തെ ഇസ്ലാമി സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല. തലസ്ഥാനമായ ധാക്കയില്‍ നിന്ന് മത്സരിച്ച ജമാഅത്തെ ഇസ്ലാമി മേധാവി ഷഫീഖുര്‍ റഹ്‌മാന്‍ 85131 വോട്ടുകള്‍ നേടി വിജയിച്ചു. അതേസമയം ബിഎന്‍പിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി നേടിയത് 63517 വോട്ടുകളാണ്. രാജ്യത്തെ 299 പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള മത്സരത്തില്‍ രണ്ട് പ്രധാന മുന്നണികളാണ് ഏറ്റുമുട്ടിയത്. പത്ത് സഖ്യകക്ഷികളുടെ പിന്തുണയുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും (ബിഎന്‍പി) 11 പാര്‍ട്ടികളുടെ കൂട്ടായ്മയായ ജമാഅത്തെ-ഇ-ഇസ്ലാമി മുന്നണിയും (ജെഐബി) തമ്മിലായിരുന്നു മത്സരം.

ഇതില്‍ 2024-ല്‍ ഹസീന വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയുടെ പിന്തുണ നിര്‍ണായകമായിരുന്നു. ജമാഅത്തെ-ഇ-ഇസ്ലാമി മുന്നണിയോടൊപ്പമാണ് പാര്‍ട്ടി നിന്നത്. പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു.

Content Highlights: pm narendramodi invites bangladesh pm tariq rahman to india

dot image
To advertise here,contact us
dot image