

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ പുതിയ പാർട്ടി രൂപീകരിക്കാൻ തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ നീക്കം നടത്തുന്നതായി സൂചന. ഈമാസം ആദ്യം ആറ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞിരുന്നു. ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന 41 മണ്ഡലങ്ങളിലുൾപ്പെട്ട ആറെണ്ണത്തിന്റെ ചുമതലയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
ഈ തീരുമാനം അറിയിച്ച് മണിക്കൂറുകൾക്ക് ഉള്ളിൽ അണ്ണാമലൈ കുറച്ച് കാലമായി നിഷ്‌ക്രിയമായിരുന്ന 'അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷൻ' എന്ന സംഘടന പുനരുജ്ജീവിപ്പിക്കുകയും സംസ്ഥാനത്ത് ഉടനീളമുള്ള അനുയായികളെ ട്രസ്റ്റിന്റെ ഓഫീസിൽ വിളിച്ചുവരുത്തി യോഗം ചേരുകയും ചെയ്തുവെന്ന് പുറത്തുവന്ന റിപ്പോർട്ടില്‍ പറയുന്നു. തിരുനെൽവേലിയിൽ നടന്ന ഈ യോഗത്തിൽ പുതിയ പാർട്ടിയുണ്ടാക്കാൻ അനുയായികൾ അണ്ണാമലൈയോട് ആവശ്യപ്പെട്ടെന്നും വിവരമുണ്ട്. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജന്മാനാടായ തിരുനെൽവേലിയിൽ അണ്ണാമലൈ യോഗം ചേർന്നത് ബിജെപിയെ വെല്ലുവിളിക്കാനാണെന്നാണ് നിഗമനം. അണ്ണാമലൈയുടെ ചാരിറ്റബിൾ ഫൗണ്ടേഷൻ ബിജെപി നേതൃത്വത്തിന് സമ്മർദമാണോ എന്ന് കാത്തിരുന്നു കാണാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
2021ൽ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമതിനായ അണ്ണാമലൈയുടെ പല വാക്കുകളും പ്രവർത്തികളും പലരെയും ചൊടിപ്പിച്ചിരുന്നു. 2023ൽ അണ്ണാമലൈയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് എഐഎഡിഎംകെ സഖ്യം ഉപേക്ഷിച്ചത്.
Content highlights: Former BJP Tamil Nadu president K Annamalai is reported to be launching a new political party