

ന്യൂഡൽഹി: ലോക്‌സഭ സ്പീക്കറെ നീക്കം ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി അവിശ്വാസ പ്രമയേത്തിന് നോട്ടീസ് നൽകിയതിന് പിന്നാലെ സഭയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ച് സ്പീക്കർ ഓം ബിർള. നോട്ടീസ് നൽകി മണിക്കൂറുകൾക്ക് പിന്നാലെ സ്ഥാനത്ത് നിന്ന് മാറിനിൽക്കുമെന്ന് സ്പീക്കറോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും സംസാരിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അവിശ്വാസ പ്രമേയത്തിൽ പരിഹാരമാകുന്നത് വരെ ധാർമികത ഉയർത്തിപ്പിടിച്ച മാറിനിൽക്കാൻ സ്പീക്കർ തീരുമാനിച്ചെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചത്. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, ഡിഎംകെ, എസ്പി തുടങ്ങിയവയിലെ 120ലധികം എംപിമാരാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പുവച്ചത്. എൻഡിഎ ഭരണക്കാലത്ത് സ്പീക്കർക്ക് എതിരെ ആദ്യമായാണ് അവിശ്വാസത്തിന് പ്രതിപക്ഷം നോട്ടീസ് നൽകുന്നത്. 272 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ പ്രമേയം പാസാവുകയുള്ളു.
മൂന്ന് ആവശ്യങ്ങൾ പ്രതിപക്ഷം സഭയിൽ മുന്നോട്ടുവച്ചിരുന്നു. രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുക, കോൺഗ്രസിന്റെ വനിതാ എംപിമാർക്കെതിരായ സ്പീക്കറുടെ പരമാർശം പിൻവലിക്കുക, നെഹ്‌റു കുടുംബത്തിന് എതിരെയുള്ള നിഷികാന്ത് ദുബൈയുടെ പരാമർശം രേഖകളിൽ നിന്നും നീക്കം ചെയ്യുക എന്നതായിരുന്ന അവ. ഇത് അംഗീകരിച്ചില്ലെങ്കിൽ അവിശ്വാസ പ്രമേയത്തിലേക്ക് കടക്കുമെന്നായിരുന്നു പ്രതിപക്ഷ നിലപാട്. എന്നാൽ സ്പീക്കർ സ്വന്തം നിലപാടിൽ നിന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
Content highlights: Om Birla is not presiding over proceedings after the opposition submitted a no-confidence motion