

ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ബാങ്കുകള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. സംശയകരമായ ഇടപാടുകള്‍ നടക്കുമ്പോള്‍ ബാങ്കുകള്‍ അക്കൗണ്ട് ഉടമകളെ അറിയിക്കണമെന്നും ഇതിന് ആവശ്യമായ സാങ്കേതികവിദ്യ ബാങ്കുകള്‍ വികസിപ്പിച്ചെടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉപഭോക്താക്കളെ സംരക്ഷിക്കേണ്ട ബാധ്യത ബാങ്കുകള്‍ക്കുണ്ട്. ചെറിയ തുക മാത്രം പിന്‍വലിക്കാറുള്ള പെന്‍ഷന്‍ അക്കൗണ്ടുകളില്‍ നിന്നും മറ്റും വന്‍ തുക പിന്‍വലിക്കപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്ന് ബാങ്കുകള്‍ക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നേരിടാന്‍ റിസര്‍വ് ബാങ്കും നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്ഒപിയുടെ കരട് രൂപം തയ്യാറാക്കിയെന്നും അന്തിമ രൂപം ആക്കിയ ശേഷം എസ്ഒപി ബാങ്കുകള്‍ക്ക് നല്‍കുമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രായമായ ദമ്പതികളെയും ചെറുകിട കച്ചവടക്കാരെയുമെല്ലാം സംബന്ധിച്ച് നഷ്ടപ്പെടുന്ന തുക അവരുടെ ജീവിതകാലം മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. രാജ്യത്തെ ബാങ്കുകളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ഡിജിറ്റല്‍ തട്ടിപ്പ് നടക്കുന്ന സാഹചര്യങ്ങളില്‍ ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം വീഴ്ച്ചകള്‍ ഗൗരവതരമാണെന്നും പരാതികളോടുള്ള പൊതു- സ്വകാര്യ ബാങ്കുകളുടെ പ്രതികരണം വൈകുന്നതില്‍ ആശങ്കയുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
Content Highlight; Supreme Court directs banks to alert account holders when suspicious transactions occur and banks should develop the necessary technology for this, the Supreme Court has said.