

ന്യൂ ഡൽഹി: ഡൽഹിയിൽ ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബൈക് യാത്രികനായ കമൽ കുഴിയിൽ വീണുകിടക്കുന്നത് നിരവധി പേർ കണ്ടുവെന്നും എന്നാൽ ഒരാൾ പോലും സഹായത്തിനെത്തിയില്ല എന്നുമുള്ള വിവരമാണ് പുറത്തുവന്നത്. കമൽ വീടെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി പറഞ്ഞെങ്കിലും പൊലീസ് അത് വകവെച്ചിരുന്നില്ല.
മനുഷ്യത്വമില്ലായ്മയുടെയും ഗുരുതര അനാസ്ഥയുടെയും ഇരയായാണ് കമൽ മരിച്ചത് എന്ന ആക്ഷേപം ശക്തമാണ്. ഫെബ്രുവരി ആറിന് പുലർച്ചെയാണ് ബാങ്ക് ജീവനക്കാരനായ കമൽ ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീഴുന്നത്. പിന്നാലെ വന്ന ഒരാൾ കമൽ വീണുകിടക്കുന്നത് കണ്ട് അടുത്തുള്ള സെക്യൂരിറ്റി ജീവനക്കാരനെ വിവരമറിയിച്ചു. സെക്യൂരിറ്റി ജീവനക്കാരൻ യോഗേഷ് എന്ന തൊഴിലാളിയെ വിവരമറിയിച്ചു.
യോഗേഷ് വന്നുനോക്കിയപ്പോൾ കുഴിയിൽ വീണുകിടക്കുന്ന കമലിനെ കണ്ടതാണ്. എന്നാൽ ഒന്നും ചെയ്യാതെ നേരെ കരാറുകാരനായ രാജേഷ് പ്രജാപതിയെ കാര്യം അറിയിക്കുകയാണ് ചെയ്തത്. കരാറുകാരൻ പ്രദേശത്തേക്ക് കാറിൽ പാഞ്ഞെത്തി. ചലനമറ്റ് കിടക്കുന്ന കമലിനെ കാണുകയും ചെയ്തു. എന്നാൽ പൊലീസിനെയോ ആംബുലൻസിനെയോ വിവരമറിയിച്ചില്ല. കമലിനെ പുറത്തെടുക്കാൻ പോലും കരാറുകാരൻ തയ്യാറായില്ല. രാജേഷ് പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. യോഗേഷ് ഒളിവിലുമാണ്.
പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര അലംഭാവമുണ്ടായതായും കുടുംബം ആരോപിക്കുന്നുണ്ട്. കമലിനെ കാണാനില്ല എന്നുപറഞ്ഞ് താൻ നിരവധി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയതായും എന്നാൽ ആരും സഹായിച്ചില്ലെന്നും സഹോദരൻ കരൺ ആരോപിക്കുന്നു. പൊലീസ് അവസാന ലൊക്കേഷൻ വിവരങ്ങൾ തന്നുവെന്നും താനാണ് തെരച്ചിൽ നടത്തിയതെന്നും കരൺ പറഞ്ഞു.
ഡൽഹിയിലെ ജനക്പുരിയിൽ നിർമാണ പ്രവർത്തനങ്ങള്‍ക്കായി ജല അതോറിറ്റി കുഴിച്ച കുഴിയിൽ വീണാണ് കമൽ എന്ന യുവാവ് മരിച്ചത്. ഹെൽമറ്റും റൈഡിങ് ജാക്കറ്റും കയ്യുറകളും ധരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കുഴിക്ക് ഒരു കുളത്തിന്‍റെ വീതിയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിച്ചത്. ജനക്പുരിയിലെത്തിയെന്ന് കമൽ വീട്ടുകാരെ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് കമലിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് കുടുംബം പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ്ഓഫ് ആയിരുന്നുവെന്ന് കുടുംബം പറയുന്നു. പിന്നീടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Content Highlights: Shocking details have emerged in the death of a young man who fell into a pit dug by the Water Authority. The victim, identified as bike rider Kamal, reportedly lay in the pit while several people saw him, but none came forward to help