

പനാജി: അനുവാദമില്ലാതെ ടൂറിസ്റ്റുകളുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നവർക്കെതിരെ നടപടി കർശനമാക്കി ഗോവ പൊലീസ്. വിദേശീയരും തദ്ദേശീയരുമായ ടൂറിസ്റ്റുകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പൊലീസ് നടപടി കർശനമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ടൂറിസ്റ്റുകളെ ഉപദ്രവിച്ചതിനും അനുവാദമില്ലാതെ ഫോട്ടോ എടുത്തതിനും രണ്ട് തമിഴ്നാട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വടക്കൻ ഗോവയിലെ ബാഗാ ബീച്ചിൽ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. വാറന്റ് വേണ്ടാതെതന്നെ അറസ്റ്റിലേക്ക് കടക്കാവുന്ന, ബിഎൻഎസിലെ 170-ാം വകുപ്പ് ഉപയോഗിച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച വിദേശ വനിതയുടെ വീഡിയോ എടുത്തതിന് അലിസ്റ്റോ ലോബോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശ വനിത നീന്തുന്ന വീഡിയോയാണ് ഇയാൾ എടുത്തത്. പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. റഷ്യൻ വനിതയെ ഉപദ്രവിച്ചതിന് ഒഡീഷയിൽ നിന്നുള്ള രണ്ട് യുവാക്കളെയും പൊലീസ് ഇത്തരത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
ഗോവയിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തദ്ദേശീയരും ഇന്ത്യക്കാരുമായ ടൂറിസ്റ്റുകൾ വിദേശികളെ ഫോട്ടോ എടുക്കാൻ നിർബന്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കൂടുതലായി സ്ത്രീകളെയാണ് ഇവർ നിർബന്ധിക്കുന്നത് എന്നും പൊലീസ് പറയുന്നു. ഇത്തരത്തിൽ ഫോട്ടോയെടുക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും 24 മണിക്കൂർ നേരത്തേയ്ക്ക് പിടിച്ചുവെക്കുമെന്നുമാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം മുഖച്ഛായയ്ക്ക് ഇത് വലിയ കളങ്കമേൽപ്പിക്കുന്നുവെന്നും പൊലീസ് പറയുന്നു. ബീച്ചുകളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുമുണ്ട്.
വിദേശവനിതകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളാണ് പൊലീസിനെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ പ്രേരിപ്പിച്ചത്. 2025 നവംബറിൽ ഒരുകൂട്ടം ചെറുപ്പക്കാർ ഫോട്ടോ എടുക്കുന്ന സമയത്ത് വിദേശ വനിതയെ ഉപദ്രവിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. പിന്നാലെ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. 2025 ഒക്ടോബറിൽ 19കാരിയായ യുവതിക്കും സമാനമായ രീതിയിൽ ദുരനുഭവം നേരിടേണ്ടി വന്നിരുന്നു.
Content Highlights: Goa Police have intensified action against individuals who take photos or videos of tourists without permission. The move comes amid a rise in incidents involving harassment of both foreign and domestic visitors