എന്‍സിപി ലയനത്തിന് സുനേത്രക്ക് താല്‍പര്യമില്ല,ശരദ് പവാറിന്‍റെ നീക്കങ്ങളില്‍ ഭയം,പുതിയനീക്കങ്ങള്‍ക്ക് പിന്നില്‍

അജിത് പവാറിന്റെ സംസ്കാരം കഴിഞ്ഞയുടൻ തന്നെ പാർട്ടി പിടിക്കാനുള്ള മുതിർന്ന നേതാക്കളുടെ ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ട്.

എന്‍സിപി ലയനത്തിന് സുനേത്രക്ക് താല്‍പര്യമില്ല,ശരദ് പവാറിന്‍റെ നീക്കങ്ങളില്‍ ഭയം,പുതിയനീക്കങ്ങള്‍ക്ക് പിന്നില്‍
dot image

മുംബൈ: സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എൻസിപിയിൽ അധികാരത്തിനായുള്ള പോരാട്ടം കനത്തതായി സൂചന. സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയാക്കാൻ കാണിച്ച തിടുക്കത്തിൽ പലരും സംശയം പ്രകടിപ്പിക്കുകയാണ്. അജിത് പവാർ, ശരദ് പവാർ എൻസിപികൾ ഒന്നിക്കുമെന്ന സൂചനകൾക്കിടെയായിരുന്നു അജിത് പവാറിന്റെ മരണം. എന്നാൽ അജിത് പവാർ ഇത്തരത്തിൽ ഒരു വാഗ്ദാനവും നൽകിയിരുന്നില്ല എന്നാണ് പാർട്ടിയിലെ നേതാക്കൾ തന്നെ പറയുന്നത്.

അജിത് പവാറിന്റെ സംസ്കാരം കഴിഞ്ഞയുടൻ തന്നെ പാർട്ടി പിടിക്കാനുള്ള മുതിർന്ന നേതാക്കളുടെ ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ട്. പാർട്ടിയുടെ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കറെ, ധനഞ്ജയ് മുണ്ടെ എന്നിവർ അജിത് പവാറിന്റെ പിൻഗാമിയെ തീരുമാനിക്കാൻ ഒത്തുകൂടി എന്നാണ് വിവരം. അജിത് പവാറിന്റെ മരണത്തിന് പിന്നാലെ എൻസിപിയുടെ നിയന്ത്രണം ശരദ് പവാർ ഏറ്റെടുത്തേക്കുമോ എന്ന ആശങ്കയും ശക്തമാണ്. തങ്ങളുടെ എംഎൽഎമാരെ ശരദ് പവാർ സ്വാധീനിക്കാൻ ശ്രമിക്കുമോ എന്ന ആശങ്കയും അജിത് പവാർ ക്യാമ്പിനുണ്ട്.

ഇത്തരത്തിൽ ഒരു രാഷ്ട്രീയ പ്രതിസന്ധി മുൻപിൽകണ്ടാണ് സുനേത്രയെ ഉടൻ ഉപമുഖ്യമന്ത്രിയാക്കിയത്. പൊടുന്നനെയായിരുന്നു ഇതിനായുള്ള നീക്കം പാർട്ടി കൈക്കൊണ്ടത്. അജിത് പവാർ എൻസിപിയിലെ മുതിർന്ന രാഷ്ട്രീയനേതാക്കൾ സുനേത്രയുമായി സംസാരിച്ചു. പിന്നാലെ മൂത്ത മകൻ പാർത്ഥ് പട്ടേലുമായും സംസാരിച്ചു. എൻസിപിയുടെ രാഷ്ട്രീയ തന്ത്രജ്ഞൻ നരേഷ് അറോറയും സുനേത്രയയോട് പൊടുന്നനെ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. സുനേത്ര പാർട്ടിയുടെ അധ്യക്ഷയായേക്കും എന്നും സൂചനകളുണ്ട്. എന്നാൽ ഇക്കാര്യങ്ങളൊന്നും ശരദ് പവാർ അറിഞ്ഞിരുന്നില്ല എന്നാണ് വിവരം.

ജനുവരി 30,31 എന്നീ തിയതികളിലായി ഇരു വിഭാഗങ്ങളും ലയനം സംബന്ധിച്ചുള്ള ചർച്ചകൾ നടത്താനിരിക്കുകയായിരുന്നു. അധികമാരെയും അറിയിക്കാതെയായിരുന്നു ചർച്ചകൾ നടത്താനിരുന്നത്. പാർട്ടിയുടെ പുതിയ നേതാവായേക്കാവുന്ന സുനേത്ര പവാർ ലയനത്തിന് സമ്മതിക്കുമോ എന്നതാണ് ഇനി നോക്കിക്കാണേണ്ടത്. സുനേത്രയ്ക്ക് അത്തരമൊരു താത്പര്യം ഇല്ലെന്നാണ് മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലയനം ഉണ്ടായാൽ പാർട്ടിയിൽ അജിത് പവാർ വിഭാഗത്തിന് ഇപ്പോഴുള്ള മേൽക്കൈ നഷ്ടപ്പെടും എന്ന ആശങ്കയാണ് അതിന് കാരണം എന്നും റിപ്പോർട്ടുകളുണ്ട്.

ലയനം ഉണ്ടായേക്കുമെന്ന ശരദ് പവാറിന്റെ പ്രഖ്യാപനത്തെ സംശയത്തോടെ തന്നെയാണ് അജിത് പവാർ വിഭാഗം കാണുന്നത്. അജിത് മരിച്ചതിന് പിന്നാലെ തങ്ങളുടെ എംഎൽഎമാരെ ആശയകുഴപ്പത്തിലാക്കാനാണ് ശരദ് പവാറിന്റെ നീക്കം എന്നാണ് അജിത് ക്യാമ്പിന്റെ വിലയിരുത്തൽ. ഇതിനെല്ലാം പുറമെ സുനേത്ര എങ്ങനെ പാർട്ടിയെ മുന്നോട്ട് നയിക്കും എന്ന കാര്യത്തിലും ആശങ്കകൾ ഉള്ളതായാണ് റിപ്പോർട്ട്. മഹായുതി സഖ്യകക്ഷികളുമായി സുനേത്രയ്ക്ക് എത്രകണ്ട് വിലപേശാൻ സാധിക്കും എന്ന ആശങ്ക ഇപ്പോൾത്തന്നെ പാർട്ടിക്കകത്തുണ്ട്. സഹകരണ മേഖലയെ തന്റെ കൈക്കുമ്പിളിൽ നിർത്തിയ നേതാവായിരുന്നു അജിത് പവാർ. എംഎൽഎമാരെ കൈകാര്യം ചെയ്യാനും അജിത് പവാറിന്റെ പ്രത്യേകം കഴിവുണ്ടായിരുന്നു. സുനേത്ര എത്തരത്തിലാകും ഇവയെയെല്ലാം കൈകാര്യം ചെയ്യുക എന്നത് ഇനി നോക്കിക്കാണേണ്ടതാണ്.

Content Highlights: which ncp will gain power, can sunetra be a good party leader, questions after ajits death

dot image
To advertise here,contact us
dot image