

ചെന്നൈ: 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് വേളാച്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. വിജയ്‌യുടെ കന്നിയങ്കം വേളാച്ചേരിയിൽ നിന്ന് ആകാനുള്ള സാധ്യതകൾ തുറന്ന് കാട്ടുകയാണ് ടിവികെയുടെ മുതിർന്ന നേതാക്കൾ. ചെന്നൈയിലെ ഏറ്റവും പ്രായം കുറഞ്ഞ വോട്ടർമാരുള്ള നഗര മണ്ഡലമാണിത്. യുവജനങ്ങളുടെ വോട്ടുകളെ ലക്ഷ്യമിട്ടാണ് വിജയ് മത്സരിക്കാൻ ഒരുങ്ങുന്നത്. നഗര കേന്ദ്രീകൃത മണ്ഡലമായതിനാൽ ജയിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.
വേളാച്ചേരി മണ്ഡലം പുതിയ പരീക്ഷണങ്ങൾക്ക് ഉത്തമമാണെന്നാണ് പാർട്ടിയുടെ നിഗമനം. കൂടാതെ യുവജനങ്ങൾ, കന്നി വോട്ടർമാർ, സോഫ്റ്റ്‌വെയർ പ്രൊഫഷണലുകൾ, മാൾ ജീവനക്കാർ, ഗിഗ് ഇക്കോണമി (ഡെലിവറി/ക്യാബ്) തൊഴിലാളികൾ, അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്ന കുടിയേറ്റക്കാർ, തമിഴ് ഇതര നഗരവാസികൾ എന്നിവരുടെ വലിയൊരു കോട്ടയാണ് വേളാച്ചേരി മണ്ഡലം . സർവ്വേകൾ പ്രകാരം വിജയെ പിന്തുണക്കുന്നവരില്‍ വലിയ വിഭാഗവും ഇവരാണ്. ട
കന്നി വോട്ടർമാരിലും പ്രതീക്ഷ വെച്ചാണ് ടിവികെയുടെ തെരഞ്ഞെടുപ്പ് യാത്രകള്‍. മണ്ഡല പ്രഖ്യാപനത്തിന് മുന്നോടിയായി വേളാച്ചേരിയിൽ വിജയുടെ റാലി സംഘടിപ്പിക്കാനും സാധ്യതയുണ്ട്. നിലവിൽ വേളാച്ചേരിയിൽ കോൺഗ്രസിന്‍റെ എംഎല്‍എയാണുള്ളത്. വിജയ് തൻ്റെ മാതാപിതാക്കൾ താമസിക്കുന്ന വിരുഗമ്പാക്കം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ആദ്യഘട്ടത്തിൽ ആലോചനകൾ നടന്നത്.വിജയ സാധ്യത മുന്നിൽ കണ്ടാണ് മണ്ഡലം മാറ്റിയത്.
ജാതി രാഷ്ട്രീയത്തിന് മുൻതൂക്കമുള്ള ഗ്രാമീണ മേഖലകളിൽ നിന്ന് വിഭിന്നമായി, വെള്ളപ്പൊക്കം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, ഭരണം തുടങ്ങിയ വിഷയങ്ങളാണ് വേളാച്ചേരിയിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുന്നത്. സ്ഥിരമായി ഒരു പാർട്ടിക്ക് തന്നെ വോട്ട് ചെയ്യുന്ന രീതിയും ഈ മണ്ഡലത്തിനില്ല. 2016-ൽ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയം തീരുമാനിക്കപ്പെട്ടത്. 2021-ൽ ആദ്യമായി മത്സരിച്ച കമൽ ഹാസന്റെ മക്കൾ നീതി മയ്യം 13.06 ശതമാനം വോട്ടാണ് നേടിയത്, 23000 വോട്ടോളം വരുമിത്.
വിജയ്‌യുടെ സ്ഥാനാർത്ഥിത്വത്തിന് പുറമെ, പാർട്ടിയിലെ പ്രമുഖരായ ചുരുക്കം ചിലർക്കായി മറ്റ് സീറ്റുകൾ നിശ്ചയിക്കാനുള്ള നീക്കങ്ങളും ടിവികെയിൽ നടകുന്നുണ്ട്. ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രമുഖരേയും സിനിമാതാരങ്ങളെയും കളത്തിലിറക്കാനാണ് സാധ്യത. ജയസാധ്യതയുള്ള മണ്ഡലങ്ങൾക്ക് പുറമേ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്താനാണ് പാർട്ടി തിരുമാനം. താഴെത്തട്ടിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ ടിവികെ നേതാക്കൾക്ക് നിർദേശം നൽകി കഴിഞ്ഞു. സ്ത്രീ വോട്ടുകളും ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകളും ലഭിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഡിഎംകെ, എഐഎഡിഎംകെ വോട്ടുകളിൽ വിള്ളലുണ്ടാക്കി വോട്ടുനേടാനും ടിവികെയ്ക്ക് ലക്ഷ്യമുണ്ട്.
അതേസമയം 'വി' യിൽ തുടങ്ങുന്ന മണ്ഡലം തിരഞ്ഞെടുത്താൽ വിജയ സാധ്യതയുണ്ടാകുമെന്ന് ജ്യോത്സൻമാർ നിർദേശിച്ചതിനെ തുടർന്നാണ് വേളാച്ചേരി മണ്ഡലം തിരഞ്ഞെടുത്തെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ടിവികെ ഇത് ആദ്യഘട്ടത്തിൽ തന്നെ നിഷേധിച്ചിരുന്നു.
Content Highlights: TVK leader Vijay secures Tamil Nadu Legislative Assembly seat from Velachery constituency