

ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കിരീടത്തിൽ കുറഞ്ഞതൊന്നും തന്നെ സ്വപ്നം കാണാതെയാണ് ഇന്ത്യ മത്സരങ്ങൾക്കായി ഒരുങ്ങുന്നത്. ഏകദിനത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ഫലം കണ്ടെത്താൻ നീലപ്പടയ്ക്ക് ആകുന്നില്ലെങ്കിലും, ടി20 ഫോർമാറ്റിൽ തകപ്പൻ ഫോം തന്നെയാണ് ഇന്ത്യക്കുള്ളത്. ഈ പ്രകടന മികവ് 2026 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യൻ സംഘത്തിന് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. അയൽക്കാരായ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് വരുന്ന ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
ഇപ്പോൾ ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിനെ കുറിച്ച് പ്രവചനങ്ങൾ നടത്തിയിരിക്കുകയാണ് മുൻ നായകൻ രോഹിത് ശർമ. വരുന്ന ലോകകപ്പിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും ഒപ്പം ഇടം കയ്യൻ പേസറായ അർഷ്ദീപ് സിങ്ങിന്‍റെയും പ്രകടനം ഇന്ത്യയ്ക്ക് നിർണായകമാകുമെന്നാണ് താരം പറയുന്നത്. ന്യൂ ബോളിലും ഡെത്ത് ഓവറുകളിലും അർഷ്ദീപ് സിംഗ് കരുത്താകുമെന്നും രോഹിത് പ്രവചിക്കുന്നു. അർഷ്ദീപ് സിംഗിനൊപ്പം ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബുംറ കൂടി ചേരുമ്പോൾ ഇന്ത്യൻ ടീമിന് അത് ഏറെ ഗുണം ചെയ്യുമെന്നും വിക്കറ്റ് വേട്ടയിൽ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂ ബോളിലും ഡെത്ത് ഓവറുകളിലുമാണ് അർഷ്ദീപ് സിംഗ് പ്രധാനമായും പന്തെറിയുന്നത്. ന്യൂബോൾ സ്വിങ് ചെയ്യിപ്പിക്കാനും അതിവേഗം വിക്കറ്റ് കണ്ടെത്താനാവുന്നതും താരത്തിന്റെ വ്യക്തിഗത മികവാണെന്നും രോഹിത് ചൂണ്ടികാണിക്കുന്നു. ഒരു മത്സരത്തിന്റെ ആരംഭവു, അവസാനവും ഏറ്റവും നിർണായകമായ നിമിഷങ്ങളാണ്. ഇരുസമയങ്ങളിലും അർഷ്ദീപ് ഇന്ത്യൻ സംഘത്തിന് മുതൽക്കൂട്ടാകുമെന്നും രോഹിത് വ്യക്തമാക്കി.
2024 ൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമ്പോൾ ഇന്ത്യയുടെ നായകനായിരുന്നു ക്രിക്കറ്റ് ലോകം ഹിറ്റ്മാൻ എന്ന് വിശേഷിപ്പിക്കുന്ന രോഹിത് ശർമ. ടി20, ടെസ്റ്റ് എന്നി ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച തരാം നിലവിൽ ഏകദിനത്തിൽ മാത്രമാണ് ബാറ്റ് വീശുന്നത്.
Content highlight: Former Indian captain believes that Arshdeep Singh and Jasprit Bumrah will be India's strength in wicket-taking