'ഭാബീ, ഭയ്യായുടെ അക്കൗണ്ട് എവിടെപ്പോയി?';ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിയെ കാണാതായതിന് പിന്നാലെ അനുഷ്കയോട് അരാധകര്‍

മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനുശേഷം കോഹ്‌ലിയുടെ ഇന്‍സ്റ്റ അക്കൗണ്ട് വീണ്ടും ആക്ടീവാകുകയും ചെയ്തിരുന്നു

'ഭാബീ, ഭയ്യായുടെ അക്കൗണ്ട് എവിടെപ്പോയി?';ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിയെ കാണാതായതിന് പിന്നാലെ അനുഷ്കയോട് അരാധകര്‍
dot image

ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ കോടിക്കണക്കിന് ആരാധകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകളായിരുന്നു കടന്നുപോയത്. സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്ന കോഹ്‌ലിയുടെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പെട്ടെന്ന് അപ്രത്യക്ഷമായതാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയത്. 274 മില്യണ്‍ ഫോളോവേഴ്സ് ഉണ്ടായിരുന്ന ഹാൻഡിലാണ് പെട്ടെന്ന് അപ്രത്യക്ഷമായത്. എന്നാൽ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനുശേഷം കോഹ്‌ലിയുടെ ഇന്‍സ്റ്റ അക്കൗണ്ട് വീണ്ടും ആക്ടീവാകുകയും ചെയ്തു.

ഇതിനിടെ ആശയക്കുഴപ്പത്തിലായ ആരാധകർ കോഹ്‌ലി എവിടെ പോയെന്നും എന്തുസംഭവിച്ചെന്നും അറിയാൻ താരത്തിന്റെ ജീവിതപങ്കാളിയും ബോളിവുഡ് താരവുമായ അനുഷ്ക ശർ‌മയുടെ അക്കൗണ്ടിലേക്ക് നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. അനുഷ്കയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾക്ക് താഴെ കമന്റിട്ട് നിരവധി ആരാധകരാണ് കോഹ്‌ലിയെ കുറിച്ച് ചോദിച്ചത്.

അനുഷ്കയുടെ കമന്റ് സെഷനിൽ രസകരമായ കമന്റുകളാണ് ആരാധകർ പോസ്റ്റ് ചെയ്തത്. 'ഭാബി, ഭയ്യായുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് എവിടെപോയി?', 'ചീക്കുവിന്റെ ഫോൺ എവിടെ?', 'കിം​ഗിനോട് തിരിച്ചുവരാൻ പറയൂ' എന്നിങ്ങനെ രസകരമായ കമന്റുകളാണ് അനുഷ്കയെ തേടിയെത്തിയത്. ഈ കമന്റുകൾക്കൊന്നും അനുഷ്ക പ്രതികരിച്ചിട്ടില്ലെങ്കിലും ഇപ്പോൾ‌ കോഹ്‌ലിയുടെ അക്കൗണ്ട് ആക്ടിവേറ്റ് ആയതിന്റെ ആശ്വാസത്തിലാണ് ആരാധകർ.

വെള്ളിയാഴ്ച പുലർച്ചെ മുതലായിരുന്നു 274 മില്ല്യൺ ഫോളോവേഴ്‌സുള്ള കോഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം ഹാൻഡിൽ അപ്രത്യക്ഷമായത്. സംഭവമറിഞ്ഞവരെല്ലാം @virat.kohli എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനായി ശ്രമിച്ചെങ്കിലും പേജ് ലഭ്യമല്ല എന്ന മറുപടിയായിരുന്നു ലഭിച്ചത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ താരത്തിന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് പെട്ടെന്ന് അപ്രത്യക്ഷമായത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു.

താരത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ കോഹ്‌ലി സ്വയം ഡിആക്ടിവേറ്റ് ചെയ്തതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നും ലഭിക്കാതിരുന്നതോടെ ആരാധകരും ആശങ്കയിലായി. പെട്ടെന്നുണ്ടായ സംഭവം ആരാധകരെയെല്ലാം ആശങ്കയിലും ഭീതിയിലുമാഴ്ത്തിയെന്നാണ് എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിരാട് കോഹ്‌ലിയുടെ സഹോദരൻ വികാസ് കോഹ്‌ലിയുടെ അക്കൗണ്ടും സമാനമായ രീതിയിൽ അപ്രത്യക്ഷമായിരുന്നു. ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയില്‍ തകർപ്പൻ സെഞ്ച്വറി നേടി ഐസിസി റാങ്കിംഗിൽ ഒന്നാമതെത്തിയ കോഹ്‌ലി മികച്ച ഫോമിലാണിപ്പോള്‍. ഏകദിന പരമ്പരക്ക് ശേഷം അനുഷ്കക്കൊപ്പം ലണ്ടനിലാണ് ഇപ്പോൾ കോഹ്‌ലിയുള്ളത്.

Content Highlights: Fans rush to Anushka Sharma after Virat Kohli's Instagram account mysteriously disappears

dot image
To advertise here,contact us
dot image