അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണയുടന്‍ തീപിടിച്ചു; പുക ഉയര്‍ന്നു, സിസിടിവി ദൃശ്യങ്ങള്‍

ബാരാമതിയിലെ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണത്

അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണയുടന്‍ തീപിടിച്ചു; പുക ഉയര്‍ന്നു, സിസിടിവി ദൃശ്യങ്ങള്‍
dot image

കൊല്‍ക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണ് വലിയ തീഗോളമുണ്ടായതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ബുധനാഴ്ച രാവിലെ 8.46 നാണ് മഹാരാഷ്ട്രയിലെ ബാരാമതിയിലെ വിമാനത്താവളത്തില്‍ നിന്ന് ഒരു തീഗോളവും കറുത്ത പുകയും ഉയര്‍ന്നതെന്നാണ് ഹൈവേയ്ക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്നത്.

ബാരാമതിയിലെ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാര്‍ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണത്. ലാന്‍ഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകര്‍ന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു. തുടര്‍ന്ന് വിമാനം പൂര്‍ണമായും കത്തിയമര്‍ന്ന് ചാരമായി. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിമാനത്തില്‍ അജിത് പവാറിന് പുറമെ പിഎസ്ഒയും ഒരു അറ്റന്‍ഡന്റും രണ്ട് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. അജിത് പവാര്‍ ഉള്‍പ്പെടെയുള്ളവരെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങള്‍ അടങ്ങിയ കോക്ക് പിറ്റ് വോയിസ് റെക്കോര്‍ഡറും എടിസിയുമായി നടത്തിയ ആശയവിനിമയങ്ങളും പരിശോധിക്കും. വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ലാന്‍ഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുംബൈയില്‍നിന്ന് ഇന്ന് രാവിലെ എട്ടിന് പുറപ്പെട്ട വിമാനം 8.45ഓടെ അപകടത്തില്‍പ്പെടുകയായിരുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയചലനങ്ങളില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയ നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗവും അഞ്ച് തവണ ഉപമുഖ്യമന്ത്രിയും മന്ത്രിയുമായിരുന്ന അജിത് എന്‍സിപിയുടെ മുഖമായിരുന്നു.

Content Highlights: ajit pawar plane crash cctv footages

dot image
To advertise here,contact us
dot image