

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍. മത്സരിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമേയുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.
'മത്സരിക്കുന്നത് എന്റെ തീരുമാനം അല്ലല്ലോ. പാര്‍ട്ടി തീരുമാനിക്കുന്നത് അനുസരിച്ച് ചെയ്യും. കേന്ദ്രത്തിലിരിക്കുന്ന സര്‍ക്കാര്‍ രാഷ്ട്രത്തെ നയിക്കുന്നത് ശരിയായ ദിശയിലല്ലെന്ന ധാരണയിലാണ് ഐഎഎസ് ഉപേക്ഷിച്ചത്. അതിന് ശേഷം പല സംസ്ഥാനങ്ങളിലായി യാത്ര ചെയ്തു. കോണ്‍ഗ്രസ് ആണ് ഇന്ത്യയെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പറ്റുന്ന പാര്‍ട്ടിയെന്നും അതില്‍ തനിക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന തോന്നലിലാണ് കോണ്‍ഗ്രസ് പ്രവേശനമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി ഉണ്ടാകും', കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്നും കണ്ണന്‍ ഗോപിനാഥന്‍ മത്സരിച്ചേക്കും എന്നാണ് സൂചന. സിറ്റിംഗ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ തുടര്‍ച്ചയായ ബലാത്സംഗക്കേസും ജയിലും മണ്ഡലത്തില്‍ കോണ്‍ഗ്രസിന് പ്രതിസന്ധിയായി. മുന്‍ ഐഎഎസ് ഓഫീസറായ കണ്ണന്‍ ഗോപിനാഥന്‍ മത്സരിച്ചാല്‍ രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടുകള്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. പാലക്കാട് ബിജെപി ഇ ശ്രീധരനെ മത്സരിച്ചപ്പോള്‍ ലഭിച്ച വോട്ടുകളും കണ്ണന്‍ ഗോപിനാഥനിലൂടെ സമാഹരിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
Content Highlights:Kannan Gopinathan denied the speculation of candidature in palakkad