മെഗാ കേരളാ ലോട്ടറി എന്ന പേരിൽ വ്യാജ ഓൺലൈൻ ലോട്ടറി ഗെയിം തട്ടിപ്പ്; തെലങ്കാനയിൽ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍

സമൂഹമാധ്യമങ്ങളില്‍ വരുന്ന ഇത്തരം ഓണ്‍ലൈന്‍ ലോട്ടറി ഗെയിമിംഗ് പരസ്യങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി

മെഗാ കേരളാ ലോട്ടറി എന്ന പേരിൽ വ്യാജ ഓൺലൈൻ ലോട്ടറി ഗെയിം തട്ടിപ്പ്; തെലങ്കാനയിൽ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍
dot image

ഹൈദരാബാദ്: തെലങ്കാനയില്‍ ഓണ്‍ലൈന്‍ ലോട്ടറി ഗെയിം തട്ടിപ്പിനിരയായ യുവാവിന് നഷ്ടമായത് ലക്ഷങ്ങള്‍. ഹൈദരാബാദിലെ ബഡംഗപ്പേട്ട് സ്വദേശിയായ നാല്‍പ്പത്തിമൂന്നുകാരനാണ് വ്യാജ ഓണ്‍ലൈന്‍ ലോട്ടറി ഗെയിം തട്ടിപ്പിൽ പെട്ട് 7.73 ലക്ഷം രൂപ നഷ്ടമായത്. യുവാവ് മൊബൈലില്‍ ഫേസ്ബുക്ക് സ്‌ക്രോള്‍ ചെയ്യുന്നതിനിടെയാണ് ഓണ്‍ലൈന്‍ ലോട്ടറി ഗെയിമുമായി ബന്ധപ്പെട്ട ഒരു പരസ്യം കാണുന്നത്. പരസ്യത്തിൽ ക്ലിക്ക് ചെയ്ത് മൂന്നുമിനിറ്റിനകം അജ്ഞാത നമ്പറില്‍ നിന്നും വാട്ട്‌സ്ആപ്പില്‍ മെസേജ് വന്നു. മെഗാ കേരളാ ലോട്ടറി എന്ന പേരിലുളള ഗെയിമിംഗ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനുളള ലിങ്കായിരുന്നു അത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത യുവാവ് ഒരുമാസമായി ഗെയിം കളിച്ചുവരികയായിരുന്നു.

ഓണ്‍ലൈനായി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുകയും ചെയ്തു. ലഭിച്ച നിര്‍ദേശങ്ങള്‍ പ്രകാരം പേ ടിഎമ്മും ക്രെഡിറ്റ് കാര്‍ഡും കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് പണം അയച്ചുകൊടുത്തു. ആദ്യഘട്ടത്തില്‍ ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചെങ്കിലും ക്രമേണ യുവാവിന്റെ അക്കൗണ്ട് മരവിക്കുകയായിരുന്നു. ഇതോടെയാണ് താന്‍ പറ്റിക്കപ്പെട്ടെന്നത് യുവാവ് തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ വരുന്ന ഇത്തരം ഓണ്‍ലൈന്‍ ലോട്ടറി ഗെയിമിംഗ് പരസ്യങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ലോട്ടറികള്‍ ഫേസ്ബുക്ക് പരസ്യങ്ങളോ വാട്ട്‌സ്ആപ്പ് സന്ദേശമോ അജ്ഞാത ലിങ്കുകളോ വഴി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു.

Content Highlights: online lottery scam: youth loses lakhs in fake online game fraud investigation underway

dot image
To advertise here,contact us
dot image