ഉന്നാവ് അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസ്; മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്റെ ജാമ്യാപേക്ഷ തളളി

കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ പൂര്‍വ്വകാലം കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു

ഉന്നാവ് അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസ്; മുൻ ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്റെ ജാമ്യാപേക്ഷ തളളി
dot image

ന്യൂഡല്‍ഹി: ഉന്നാവ് കേസ് അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് തിരിച്ചടി. സെന്‍ഗാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തളളി. കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ പൂര്‍വ്വകാലം കണക്കിലെടുത്ത് ജാമ്യം നല്‍കാനാവില്ലെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ബലാത്സംഗക്കേസിൽ വിചാരണക്കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവും കോടതി തളളി.

വിധിക്കെതിരെ ശക്തമായ പ്രതിഷേധവുമായി അതിജീവിതയും കുടുംബവും രംഗത്തെത്തിയിരുന്നു. ഹൈക്കോടതിക്ക് മുന്നിലും ഇന്ത്യാ ഗേറ്റിന് മുന്നിലും അതിജീവിതയും കുടുംബവും പ്രതിഷേധിച്ചു. കുല്‍ദീപ് സിങ് സെന്‍ഗാറിന് ജാമ്യം ലഭിച്ചതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നുമാണ് അതിജീവിത ആരോപിച്ചത്. കുല്‍ദീപിന്റെ ശിക്ഷ മരവിപ്പിച്ചത് ജഡ്ജിമാര്‍ പ്രതിക്കൊപ്പം നിന്നതുകൊണ്ടാണെന്നും അവര്‍ ആരോപിച്ചിരുന്നു. കുൽദീപ് സിങ് സെൻഗാറിന്റെ മക്കൾക്കെതിരെയും അതിജീവിത രംഗത്തെത്തിയിരുന്നു. കുൽദീപ് സിങിൻ്റെ പെൺമക്കൾ സോഷ്യൽ മീഡിയയിലൂടെ തൻ്റെ വ്യക്തിത്വം വെളിപ്പെടുത്തിയെന്നാണ് അതിജീവിത ആരോപിച്ചത്.

കേസില്‍ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. സിബിഐ നല്‍കിയ അപ്പീലിന് പിന്നാലെ ജാമ്യം റദ്ദാക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതായിരുന്നു നടപടി. കുല്‍ദീപ് സിങ് സെന്‍ഗാര്‍ പൊതുപ്രവര്‍ത്തകന്‍ അല്ലാത്തതിനാല്‍ ഇടക്കാല സംരക്ഷണം നല്‍കാനാവില്ല എന്നും ഉന്നാവിലെ സാഹചര്യം ഗുരുതരമാണ് എന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് സെന്‍ഗാറിന് കോടതി നോട്ടീസ് നല്‍കിയിരുന്നു.

Also Read:

2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവ് മേഖലയില്‍ അന്ന് ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് റായ്ബറേലിയില്‍വെച്ച് ഉണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കുല്‍ദീപിനെതിരെ കേസെടുത്തു. തുടര്‍ന്ന് കുല്‍ദീപിനെ ബിജെപി പുറത്താക്കിയിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018-ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഈ കേസില്‍ കുല്‍ദീപിനടക്കം ഏഴ് പ്രതികള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

Content Highlights: Former BJP MLA Kuldeep Sengar denied bail in unnao survivors father's custody death case

dot image
To advertise here,contact us
dot image