

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രാമക്ഷേത്രം നിർമിക്കാൻ ഒരുങ്ങി ബിജെപി. ബംഗാളിലെ നാദിയ ജില്ലയിലെ ശാന്തിപൂരാണ് നിർമാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ബംഗാളിൽ രാമക്ഷേത്രം പണിയാനുള്ള ബിജെപി നീക്കം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ ആരോപണം
ഏതാനും മാസങ്ങൾക്ക് മുൻപ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ബംഗാളിൽ വിവിധ മത-സാംസ്‌കാരിക സ്മാരകങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതിക്കായി തറക്കല്ലിട്ടിരുന്നു. പദ്ധതിയുടെ ആദ്യപടിയെന്ന നിലയിൽ ബാബരി മസ്ജിദിന്റെ നേർപ്പകർപ്പ് നിർമിക്കാനുള്ള കല്ലിടൽ ചടങ്ങ് മുൻ ടിഎംസി എംഎൽഎ ഹുമയൂൺ കബീർ ബംഗാളിലെ മുർഷിദാബാദിൽ നിർവഹിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 'ബംഗാളി രാമ'ക്ഷേത്രം എന്ന ആശയവുമായി ബിജെപി മുന്നോട്ടുവന്നിരിക്കുന്നത്.
ബംഗാളിൽ പണികഴിപ്പിക്കാൻ പോകുന്ന രാമക്ഷേത്രം മതപരമായ ഒന്നല്ലെന്നും മറിച്ച് ബംഗാളി സംസ്കാരത്തിന്റെ തന്നെ പ്രതീകമാണെന്നുമാണ് ബിജെപിയുടെ വാദം. പതിനഞ്ചാം നൂറ്റാണ്ടിൽ രാമായണത്തെ ബംഗാളി ഭാഷയിലേക്ക് തർജ്ജമ ചെയ്ത പ്രശസ്ത ബംഗാളി കവി കൃതിബാസ് ഓജയുടെ പാരമ്പര്യത്തെ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യവും ക്ഷേത്രനിർമാണത്തിന് പിന്നിലുണ്ടെന്നാണ് ബിജെപി ഉയർത്തുന്ന മറ്റൊരു വാദം. 'ശ്രീ രാം പഞ്ചാലി' എന്ന് അറിയപ്പെടുന്ന ഈ കൃതി ഒരുവിധം എല്ലാ ബംഗാളി വീടുകളിലും ആളുകൾ ഭക്തിപൂർവ്വം വായിക്കാറുണ്ടെന്നും അതുകൊണ്ടുതന്നെ ബംഗാളി രാമക്ഷേത്രം സംസ്ഥാനത്തെ ജനത ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി പറയുന്നു.
നിർമാണ പ്രവർത്തനങ്ങൾക്ക് ശ്രീ കൃതിബാസ് രാം മന്ദിർ ട്രസ്റ്റ് നേതൃത്വം നൽകുമെന്ന് ബിജെപി എംഎൽഎയും ട്രസ്റ്റിന്റെ പ്രസിഡന്റുമായ അരിന്ദം ഭട്ടാചാര്യ പറഞ്ഞു. ഏകദേശം ഒൻപത് ഏക്കറിലാണ് നിർമാണം നടക്കുക. 100 കോടിയാണ് നിർമാണ ചെലവ്. 2028 ഓടെ ക്ഷേത്രത്തിൻ്റെ പണി പൂർത്തിയാക്കുമെന്നും അരിന്ദം ഭട്ടാചാര്യ പറഞ്ഞു. 2017 മുതൽ പ്രസ്തുത രാമക്ഷേത്രം നിർമിക്കുന്നതിനെ കുറിച്ച് ട്രസ്റ്റ് ചിന്തിക്കുണ്ടായിരുന്നുവെന്നും ഇതൊരു തന്ത്രമല്ലെന്നും അരിന്ദം ഭട്ടാചാര്യ വ്യക്തമാക്കി.
അരിന്ദം ഭട്ടാചാര്യക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് ജയപ്രകാശ് മജുംദാർ രംഗത്തെത്തി. അരിന്ദത്തെ വിശ്വാസവഞ്ചകൻ എന്നാണ് ജയപ്രകാശ് മജുംദാർ വിശേഷിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കാനുള്ള ബിജെപിയുടെ പുതിയ തന്ത്രമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: BJP is planning to build a 'Bengali Ram' temple in West Bengal ahead of assembly election 2026. TMC allegedly said what BJP plans is an election tactic.