

മലപ്പുറം: കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിനെതിരെ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം രംഗത്ത്. കേരളത്തെ അടുത്ത അഞ്ച് കൊല്ലം കൂടി ഭരിച്ച് മുടിക്കാനുളള ദുര മൂത്ത് നിങ്ങള്‍ നടത്തുന്ന ഈ നെറികെട്ട വിഭജന രാഷ്ട്രീയം കേരളം തിരിച്ചറിയും എന്നാണ് നജീബ് കാന്തപുരം പറഞ്ഞത്. മലപ്പുറത്തും കാസര്‍കോടും മാത്രമല്ല അതിന് താഴേയ്ക്കും ജില്ലകളുണ്ടെന്നും അവിടെ ജയിച്ച മനുഷ്യരുടെ പേരുകളോട് ചേര്‍ന്നും വിവിധ സമുദായങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പേരുനോക്കി പാര്‍ട്ടിയെ വിലയിരുത്തുന്ന സജി ചെറിയാന് പെരിന്തല്‍മണ്ണയില്‍ നിന്ന് ഉജ്ജ്വല വിജയം നേടിയ ലീഗിന്റെ 11 ജനപ്രതിനിധികളുടെ പേരുകള്‍ സമര്‍പ്പിക്കുകയാണെന്ന് നജീബ് കാന്തപുരം പറഞ്ഞു. മുസ്‌ലിം ലീഗ് ജനപ്രതിനിധികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പിണറായി വിജയന്‍ കിം ജോങ് ഉന്‍ മാതൃകയില്‍ രാജ്യം ഭരിക്കുന്ന കാലം വരെയുളള അടവു നയമായി മാത്രം ജനാധിപത്യത്തെ കാണുന്ന സജി ചെറിയാനും സഹ കമ്മ്യൂണിസ്റ്റുകള്‍ക്കും എന്ത് മതേതരത്വവും ജനാധിപത്യമും എന്നും നജീബ് കാന്തപുരം ചോദിച്ചു.
നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മലപ്പുറത്തും കാസർഗോഡും മാത്രമല്ല സജി ചെറിയാൻ സഖാവേ അതിനു താഴേക്കും ജില്ലകളുണ്ട്. അവിടെ ജയിച്ച മനുഷ്യരുടെ പേരുകളോട് ചേർന്നും വിവിധ സമുദായങ്ങളുണ്ട്. അങ്ങോട്ടൊന്നും നോക്കുമ്പോൾ കാണാത്ത ധ്രുവീകരണം മലപ്പുറത്തും കാസർഗോഡും മാത്രം കാണുന്നതിന്റെ പേരാണ് സഖാവേ ഇസ്ലാമോഫോബിയ.
കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഇനിയും പറഞ്ഞു പറ്റിച്ചു കൂടെ നിർത്താൻ കഴിയില്ല എന്നു മനസ്സിലായപ്പോൾ കിട്ടിയ ഈ പുതിയ തിരിച്ചറിവിന്റെ ഉദ്ദേശം മനസ്സിലാക്കാൻ മലയാളികൾക്ക് പാഴൂർ പഠിപ്പുര വരെയൊന്നും പോകണ്ടതില്ല. കേരളത്തെ അടുത്ത അഞ്ചു കൊല്ലം കൂടി ഭരിച്ചു മുടിക്കാനുള്ള ദുര മൂത്ത് നിങ്ങൾ നടത്തുന്ന ഈ നെറികെട്ട വിഭജന രാഷ്ട്രീയം കേരളം തിരിച്ചറിയും.
ജനസംഖ്യാനുപാതികമായി മനുഷ്യർക്ക് പ്രാതിനിധ്യം കിട്ടുന്നതിന്റെ പേരാണ് സഖാവേ പ്രാതിനിധ്യ ജനാധിപത്യം. കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നടപ്പായി പിണറായി വിജയൻ കിം ജോങ് ഉൻ മാതൃകയിൽ രാജ്യം ഭരിക്കുന്ന കാലം വരെയുള്ള അടവുനയമായി മാത്രം ജനാധിപത്യത്തെ കാണുന്ന താങ്കൾക്കും സഹകമ്യൂണിസ്റ്റ്കൾക്കും എന്ത് മതേതരത്വം , എന്ത് ജനാധിപത്യം? പേരു നോക്കി പാർട്ടിയെ വിലയിരുത്തുന്ന സജി ചെറിയാന് പെരിന്തൽമണ്ണയിൽ നിന്ന് ഉജ്വല വിജയം നേടിയ മുസ്ലിം ലീഗിന്റെ 11 ജനപ്രതികളുടെ പേരുകൾ സമർപ്പിക്കുന്നു.
പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. സുധ, താഴെക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന ടീച്ചർ, ആലിപ്പറമ്പ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിനി ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷീന പുലാക്കൊടി, പെരിന്തൽമണ്ണ നഗരസഭ കൗൺസിലർ ഇ.പി അരുൺ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി.പി ബാലചന്ദ്രൻ, രമണി ടീച്ചർ, പി. സുബ്രഹ്മണ്യൻ, നീന വിജയൻ, ഒ. അനിൽ കുമാർ, പ്രസീത സുഭാഷ്. പേരുകൾ കൊള്ളാമോ ?
Content Highlights: Najeeb kanthapuram against saji cheriyan controversial remarks on malappuram kasargod candidates