

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണ ടാങ്കറില്‍ ഇന്ത്യക്കാരനായ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനും. ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയില്‍ നിന്നുള്ള ഋക്ഷിത് ചൗഹാനാനാണ് വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സൈന്യം പിടിച്ചെടുത്ത കപ്പലിലുള്ളത്. അടുത്ത മാസം വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു അദ്ദേഹം. ഋക്ഷിത് ചൗഹാനെ ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചു.
മരിനീര (മുമ്പ് ബെല്ല 1 എന്നറിയപ്പെട്ടിരുന്നു) എന്ന കപ്പലിലെ ജീവനക്കാരില്‍ ഒരാളായിരുന്നു 26 വയസ്സുള്ള ഋക്ഷിത് ചൗഹാന്‍. യുഎസ് സേന കപ്പല്‍ പിടിച്ചെടുക്കുന്നതിന്(ജനുവരി-7) മണിക്കൂറുകള്‍ക്ക് മുമ്പാണ് ഋക്ഷിത് ചൗഹാനുമായി ബന്ധപ്പെടാനായതെന്ന് കുടുംബം പറയുന്നു.
ദയവായി തന്റെ മകന്‍ ഋക്ഷിതിനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് ചൗഹാന്റെ അമ്മ റീത്ത ദേവി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ഫെബ്രുവരി 19 ന് മകന്റെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെന്ന് കാംഗ്രയിലെ പാലംപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അമ്മ പറഞ്ഞു. 'ജനുവരി 7-നാണ് ഞങ്ങള്‍ ഋക്ഷിതുമായി അവസാനമായി സംസാരിച്ചത്. മകന്‍ സുരക്ഷിതമായി തിരിച്ചെത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ഋക്ഷിതിന്റെയും ഗോവയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള മറ്റ് രണ്ട് പേരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ ഞങ്ങള്‍ പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും അഭ്യര്‍ത്ഥിക്കുന്നു, അവര്‍ ഒരേ കപ്പലിലെ ജീവനക്കാരാണ്', അവര്‍ പറഞ്ഞു.
2025 ഓഗസ്റ്റ് ഒന്നിനാണ് ഋക്ഷിത് മര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹത്തിന്റെ പിതാവ് രഞ്ജിത് സിംഗ് ദേശീയ മാധ്യമത്തോട് പറഞ്ഞു. 'അവസാനമായി സംസാരിക്കുമ്പോള്‍ താന്‍ സുഖമായിരിക്കുന്നുവെന്ന് ഋക്ഷിത് പറഞ്ഞിരുന്നു. പക്ഷേ കുറച്ച് ദിവസമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ സൈനിക നടപടി കാരണം കമ്പനി മടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നെന്ന് മകന്‍ പറഞ്ഞിരുന്നു', അദ്ദേഹം സൂചിപ്പിച്ചു. ജനുവരി 10 ന് കപ്പല്‍ പിടിച്ചെടുത്തതായാണ് തങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പിടിച്ചെടുത്ത കപ്പലില്‍ 28 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. ഞായറാഴ്ച രണ്ടുപേരെ മോചിപ്പിച്ചിരുന്നു.
Content Highlights: oil tanker seized by us and indian merchant navy officer and malayali among crew suspected