

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്വന്തം ചിത്രം പങ്കുവെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് വിക്കിപീഡിയ പേജിന് സമാനമായി എഡിറ്റ് ചെയ്ത ചിത്രം ട്രംപ് പങ്കുവെച്ചത്. 2026 ജനുവരി മുതല്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ് എന്നാണ് ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
വെനസ്വേലയുടെ ദൈനംദിന ഭരണത്തിന് അമേരിക്കയ്ക്ക് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ യോഗ്യതയുള്ള ഒരു നേതാവിനെ കണ്ടെത്തും വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. അതിനിടെയാണ് വെനസ്വേലയുടെ ആക്ടിംങ് പ്രസിഡന്റായി സ്വയം അവരോധിച്ചുകൊണ്ടുള്ള ട്രംപിന്റെ പോസ്റ്റ്.
എണ്ണ സമ്പന്നമായ വെനസ്വേലയെ യുഎസ് താല്‍ക്കാലികമായി പ്രവര്‍ത്തിപ്പിക്കും എന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എണ്ണയില്‍ നിന്നുള്ള വരുമാനം വെനസ്വേലയുടെ സ്വത്ത് ആണെന്നും ഭരണപരവും നയതന്ത്രപരവുമായ ലക്ഷ്യങ്ങളോടെ യുഎസ് എത് കൈകാര്യം ചെയ്യുമെന്നുമായിരുന്നു ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ വ്യക്തമാക്കിയത്.
ജനുവരി മാസമാദ്യംവെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡൂറോയെയും ഭാര്യ സീലിയ ഫ്ലോറെസിനയേയും അമേരിക്ക കടത്തുകയും ന്യൂയോര്‍ക്കിലെ ജയിലിലാക്കുകയും ചെയ്തിരുന്നു. വെനസ്വേലയിലെ പെട്രോളിയം അടക്കമുള്ള ഊര്‍ജസമ്പത്താണ് ട്രംപിന്റെ നീക്കത്തിന് പിന്നിലെന്നാണ് വിവരം.
Content Highlights: Donald Trump describes himself as Acting President of Venezuela