

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജിം ഉടമയ്ക്കും കുടുംബത്തിനും നേരെ ക്രൂര മര്‍ദ്ദനം. ജിം ഉടമ രാജേഷ് ഗാര്‍ഗിനും കുടുംബത്തിനും നേരെയാണ് ലക്ഷ്മി നഗറില്‍ വെച്ച് അതിക്രമമുണ്ടായത്. ജിം ഉടമയുടെ മകനെ ആളുകള്‍ നോക്കി നില്‍ക്കെ അര്‍ദ്ധ നഗ്നനാക്കി മര്‍ദ്ദിച്ചു. ഭാര്യയെയും മര്‍ദ്ദിച്ചു. ജിമ്മിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ജിം പരിശീലകന്‍ സതീശ് യാദവും കൂട്ടാളികളുമാണ് മര്‍ദ്ദിച്ചത്.
സതീശ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂര മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍, വഴിയില്‍ വെച്ച് ചിലര്‍ ഒരാളെ വിവസ്ത്രനാക്കി മര്‍ദ്ദിക്കുന്നത് കാണാം. സംഭവത്തില്‍ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
വീടിന്റെ ബേസ്‌മെന്റില്‍ ഒരു ജിം നടക്കുന്നുണ്ടെന്നും സതീഷ് യാദവ് എന്ന പിന്റു യാദവ് ആണ് അതിന്റെ കെയര്‍ടേക്കറെന്നും പരാതിക്കാരിയായ സ്ത്രീ പറഞ്ഞു. ജിമ്മിന്മേല്‍ അദ്ദേഹത്തിന് ഒരു അവകാശവും നല്‍കിയിട്ടില്ലെന്നും എന്നാല്‍ അയാളത് കൈവശപ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
'ജിം ഒഴിയാന്‍ ഞങ്ങള്‍ അയാളോട് ആവശ്യപ്പെടുമ്പോഴെല്ലാം, ഞങ്ങളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. അയാള്‍ എന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും എന്റെ കുട്ടികളെയും മുഴുവന്‍ കുടുംബത്തെയും കൊല്ലുമെന്ന് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു,' അവര്‍ പരാതിയില്‍ പറഞ്ഞു.
'ജനുവരി രണ്ടിന് വെള്ളം ചോര്‍ന്ന് എന്റെ വീട്ടില്‍ മുഴുവന്‍ വെള്ളം നിറഞ്ഞു. എല്ലായിടത്തും ദുര്‍ഗന്ധം വമിച്ചു. ഞാന്‍ അദ്ദേഹത്തെ പലതവണ വിളിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. മലിനജല കണക്ഷന്‍ ബേസ്‌മെന്റിലാണ് സ്ഥിതി ചെയ്യുന്നത്, അതിനാല്‍ ഞാനും എന്റെ ഭര്‍ത്താവും അത് പരിശോധിക്കാന്‍ പോയി. സതീഷ് തന്റെ കൂട്ടാളികളുമായി എത്തി, അവര്‍ ഞങ്ങളെ മര്‍ദിക്കാന്‍ തുടങ്ങി,' പരാതിയില്‍ പറഞ്ഞു.
അവര്‍ തന്റെ മുടി പിടിച്ചുവലിച്ച് മുഖത്ത് അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നും ആരോപിച്ചു.
പിന്നീട്, ഭര്‍ത്താവിനെ ജിമ്മിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. വിവസ്ത്രനാക്കി, വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
'എന്റെ ഭര്‍ത്താവിനെ രക്ഷിക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ശ്രമിക്കവെ, ചിലര്‍ ഞങ്ങളുടെ വീട്ടില്‍ കയറി എന്റെ മകനെ അടിച്ചു. റോഡിലേക്ക് വലിച്ചിഴച്ച് അവന്റെ വസ്ത്രം അഴിച്ചുമാറ്റി. ചെരുപ്പ് കൊണ്ട് ആക്രമിച്ചു. അതിന്റെ ഫലമായി അവന്റെ പല്ല് പൊട്ടി. അവര്‍ അവന്റെ തലയിലും അടിച്ചു. അവനെ കൊല്ലുമെന്നും മുഖം വികൃതമാക്കുമെന്നും ഭീഷണിപ്പെടുത്തി,' സ്ത്രീ പരാതിയില്‍ പറഞ്ഞു.
ആളുകള്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്നും തന്റെ മകന്‍ കൈ കൂപ്പി രക്ഷക്കായി അപേക്ഷിച്ചുകൊണ്ടിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പിന്റുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: A gym owner and his family were subjected to a brutal assault in delhi