

ആലപ്പുഴ: വിദ്വേഷ പരാമർശം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. റിപ്പോർട്ടർ ടിവിയുടെ മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും താൻ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തന്നെ പച്ചയായി പിച്ചിക്കീറി തിന്നാൽ ചില മാധ്യമങ്ങൾ മത്സരിക്കുകയാണ്. താൻ എന്ത് തെറ്റാണ് ചെയ്തത്. ചങ്ങനാശേരിയിൽ ചെന്ന് ഇങ്ങനെ കാണിക്കുമോ?. ചങ്ങനാശേരിയിൽ കയറ്റുമോ, അവിടെ ചെന്ന് പറയാൻ തന്‍റേടമുണ്ടോ?. ഒരു പിന്നാക്ക സമുദായക്കാരനായിപ്പോയി എന്നതുകൊണ്ട് തന്നോട് എന്തും ആകാമെന്നാണോ ചിന്ത?. നട്ടുച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തന്നെ നടുറോഡിൽ നിർത്തി, 89കാരനായ തന്നെ പോസ്റ്റ്‌മോർട്ടം ചെയ്യുകയായിരുന്നു. ഇതാണോ മര്യാദ?. പറഞ്ഞിട്ട് കേൾക്കാതെ വന്നതോടെയാണ് മൈക്ക് തട്ടിയത്. ചവിട്ടിയില്ലല്ലോ. അതിനുടനെ കലിതുള്ളി. മതതീവ്രവാദിയെന്ന് താൻ പറഞ്ഞില്ല. അത് പറയാതെ പോയതാണ് അബദ്ധമെന്ന് തോന്നി. തീവ്രവാദിയെന്ന് ഇനിയും പറയും. അഭിപ്രായം പറഞ്ഞതിൽ നിന്ന് ഒരിഞ്ച് മാറില്ല. പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ നേതാവ് മതമാണ് പ്രശ്‌നം എന്നു പറഞ്ഞപ്പോൾ ആരും മിണ്ടിയില്ല. എന്നാൽ താൻ മതവിദ്വേഷം പരത്തുന്ന ആളായി. പിന്നാക്ക സമുദായ മുന്നണി എന്നുപറഞ്ഞ് ലീഗിനൊപ്പം നിന്നു. ലീഗിന് സമരം നടത്താൻ പണം നൽകിയത് എസ്എൻഡിപിയാണ്. എൽഡിഎഫിനെ താഴെയിറക്കി യുഡിഎഫിനെ ഭരണത്തിൽ കയറ്റാൻ എസ്എൻഡിപി അല്ലേ നിന്നത്. ലീഗ് ചെയ്തത് ചതിയല്ലേ.
ഈഴവർക്ക് കേരളം മൊത്തത്തിൽ 18 കോളേജ് മുസ്‌ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 48 ആണ്- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോൺഗ്രസ് നേതാവ് എം ലിജുവിനെ വേദിയിൽ ഇരുത്തി യൂത്ത് കോൺഗ്രസിനെതിരെ വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ
ഊത്തുകാരാണ്. ആ ഊത്തുകാർ പറഞ്ഞു തന്റെ ദേഹത്ത് കരി ഓയിൽ ഒഴിക്കണമെന്ന് ഈ അഭിപ്രായമാണോ ലിജുവിനെന്നും വെള്ളാപ്പള്ളി ചോദിച്ചു.
റിപ്പോർട്ടർ ടിവിയുടെ മൈക്ക് തട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയം അടക്കം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ടറിന്റെ മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ചത്. റഹീസിനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്‌ലിങ്ങളുടെ വലിയ വക്താവാണെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാള്‍ തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. റഹീസ് ചോദിച്ച ചോദ്യത്തില്‍ പ്രകോപിതനായി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടറിന്റെ മൈക്ക് തട്ടിമാറ്റിയതിന് പിന്നാലെയായിരുന്നു അധിക്ഷേപം.
വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമര്‍ശത്തെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തെങ്കിലും പറഞ്ഞതിൽ ഉറച്ച് നിൽക്കുകയായിരുന്നു അദ്ദേഹം. റഹീസിന്റെ പേരാണോ പ്രശ്‌നമെന്നും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നുമുള്ള മാധ്യപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഉണ്ട് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തന്നെ ചോദ്യം ചെയ്യേണ്ടെന്നും പറയാനുള്ളത് താന്‍ പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് അത് പറയുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് താന്‍ ആരാണെന്നും കൂടുതല്‍ കസര്‍ക്കേണ്ടെന്നും കളിക്കേണ്ടെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മൈക്ക് ചൂണ്ടി ഇത് വലിച്ചെറിയണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി മര്യാദയ്ക്ക് സംസാരിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Content Highlights: SNDP Yogam General Secretary Vellapally Natesan repeats hate speech against reportertv journalist Rahees Rasheed