

തൃശ്ശൂര്‍: കലുങ്ക് സംവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് സിപിഐഎം നിര്‍മിച്ച് നല്‍കിയ വീട് ഞായറാഴ്ച കൈമാറും. നാളെ പകല്‍ മൂന്നിന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വീടിന്റെ താക്കോല്‍ കൈമാറും. തുടര്‍ന്ന് പുള്ള് സെന്ററില്‍ ചേരുന്ന പൊതുസമ്മേളനം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ അധ്യക്ഷനാകും
2025 സെപ്തംബര്‍ 13നായിരുന്നു സംഭവം നടന്നത്. വീട് അറ്റകുറ്റപ്പണിക്ക് സഹായമഭ്യര്‍ത്ഥിച്ചായിരുന്നു വേലായുധൻ സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനെത്തിയത്. എന്നാല്‍ ഇതൊന്നും തന്റെ പണിയല്ല എന്ന് പറഞ്ഞ് അപേക്ഷ സ്വീകരിക്കാതെ സുരേഷ്‌ഗോപി കൊച്ചുവേലായുധനെ മടക്കി അയക്കുകയായിരുന്നു.
വിവരമറിഞ്ഞ് അടുത്ത ദിവസം കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ പുതിയ വീട് നിർമിച്ച് നല്‍കുമെന്ന് അറിയിച്ചു. തുടര്‍ന്നാണ് നാട്ടുകാരുടെയും ചേര്‍പ്പ് ഏരിയയിലെ പാര്‍ട്ടി അംഗങ്ങളുടെയും സഹായത്തോടെ വീട് നിര്‍മിച്ചത്.
പത്ത് ലക്ഷം രൂപ ചെലവഴിച്ച് 75 ദിവസംകൊണ്ടാണ് സിപിഐഎം വീടൊരുക്കിയത്.
Content Highlight: Cpim will handed over new home to kochuvelayudhan who humiliated by suresh gopi