

ആലപ്പുഴ: റിപ്പോര്‍ട്ടര്‍ ടിവിയുടെ മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ അധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. റഹീസിനെ തനിക്ക് അറിയാമെന്നും അയാള്‍ മുസ്‌ലിങ്ങളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഈരാറ്റുപേട്ടക്കാരനായ റഹീസ് എംഎസ്എഫ് നേതാവാണ്. അയാള്‍ തീവ്രവാദിയാണ്. അയാളെ ആരോ പറഞ്ഞയച്ചതാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം റഹീസ് ചോദിച്ച ചോദ്യത്തില്‍ പ്രകോപിതനായി വെള്ളാപ്പള്ളി നടേശന്‍ റിപ്പോര്‍ട്ടറിന്റെ മൈക്ക് തട്ടിമാറ്റിയിരുന്നു.
മൈക്ക് തട്ടിമാറ്റിയതുമായി ബന്ധപ്പെട്ട വിഷയം അടക്കം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപം. ഒന്നുമില്ലെങ്കിലും താനൊരു പ്രായമുള്ളയാളല്ലേയെന്നും മര്യാദ കാണിക്കണ്ടേയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംസാരിക്കേണ്ടതിന് ഒരു രീതിയുണ്ട്. പെരുമാറ്റത്തില്‍ പക്വത കാണിക്കണം. ഒന്നുമില്ലെങ്കിലും ആ മാധ്യമപ്രവര്‍ത്തകന്റെ അപ്പൂപ്പനകാനുള്ള പ്രായം തനിക്കില്ലേ? ദാര്‍ഷ്ട്യത്തോടെയാണ് അയാള്‍ സംസാരിച്ചത്. മൈക്കുമായി തന്റെ അടുത്തേയ്ക്ക് വന്നപ്പോള്‍ തട്ടിമാറ്റുകയായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ന്യായീകരിച്ചു. റിപ്പോര്‍ട്ടറിനെതിരെ കടുത്ത ആക്ഷേപമാണ് വെള്ളാപ്പള്ളി ഉയര്‍ത്തിയത്. റിപ്പോര്‍ട്ടറിന് പിന്നില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. രാഷ്ട്രീയക്കാരും ചാനലുകളുമായി റിപ്പോര്‍ട്ടര്‍ ടിവി ഏറ്റുമുട്ടലിലാണെന്നും അങ്ങനെ മുട്ടാന്‍ ഇവര്‍ പൊന്നുതമ്പുരാനാണോയെന്നും വെള്ളാപ്പള്ളി അധിക്ഷേപിച്ചു. റിപ്പോര്‍ട്ടര്‍ തന്നെ വേട്ടയാടുകയാണ്. താന്‍ ചില സത്യങ്ങളാണ് പറയുന്നത്. താന്‍ പറയുന്നത് സത്യങ്ങളാണ് എന്ന് പറയുന്നതിന് പകരം റിപ്പോര്‍ട്ടര്‍ വേട്ടയാടുകയാണ്. താന്‍ എന്താ തെറ്റ് ചെയ്തത്? താന്‍ എന്താ പറഞ്ഞത്?. മലപ്പുറത്ത് തങ്ങള്‍ക്ക് സ്‌കൂളും കോളേജുമില്ല എന്നാണ് പറഞ്ഞത്. അതില്‍ എന്തിനാണ് ഇത്ര വിഷമം എന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമര്‍ശത്തെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. റഹീസിന്റെ പേരാണോ പ്രശ്‌നമെന്നും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നുമുള്ള മാധ്യപ്രവര്‍ത്തകന്റെ ചോദ്യത്തോട് ഉണ്ട് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. തന്നെ ചോദ്യം ചെയ്യേണ്ടെന്നും പറയാനുള്ളത് താന്‍ പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ അനുഭവത്തില്‍ നിന്നാണ് അത് പറയുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് താന്‍ ആരാണെന്നും കൂടുതല്‍ കസര്‍ക്കേണ്ടെന്നും കളിക്കേണ്ടെന്നും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. മൈക്ക് ചൂണ്ടി ഇത് വലിച്ചെറിയണോ എന്ന് ചോദിച്ച വെള്ളാപ്പള്ളി മര്യാദയ്ക്ക് സംസാരിക്കണമെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാധ്യമപ്രവർത്തകനെ നോക്കി താന്‍ അവിടെ കുറേ കസറിയെന്നും ഇവിടെ കസറേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്റെ കൊമ്പൊന്നും ഇവിടെ എടുക്കേണ്ടെന്നും താന്‍ പറയുന്നത് കേട്ടാല്‍ മതിയെന്നും പറഞ്ഞ വെള്ളാപ്പള്ളി റിപ്പോര്‍ട്ടറിന്റെ മൈക്കിന് മുകളില്‍ ആഞ്ഞടിക്കുകയും ചെയ്തു. ഇവന്മാര്‍ വിചാരിച്ചാല്‍ ഒരു ചുക്കും ചെയ്യാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുസ്‌ലിം ലീഗിനെതിരെയും വെള്ളാപ്പള്ളി രംഗത്തെത്തി. മലപ്പുറത്ത് ലീഗുകാര്‍ക്ക് 48 അണ്‍എയ്ഡഡ് കോളേജുകളും ഏഴ് എയ്ഡഡ് കോളേജുകളുമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിക്ക് ഒരു അണ്‍എയ്ഡഡ് കോളേജ് പോലുമില്ല. ലീഗുകാര്‍ക്ക് മുട്ടിനുമുട്ടിനാണ് കോളേജുകള്‍. സാമൂഹിക നീതി നടപ്പാകണം. അത് നടപ്പിലാക്കിയോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. ആത്മപരിശോധന നടത്താന്‍ ലീഗിനെ വെല്ലുവിളിക്കുകയാണ്. താന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ മതവിദ്വേഷിയാകുകയാണ്. മുസ്‌ലിം സമുദായത്തെ താന്‍ പറഞ്ഞിട്ടില്ല മതകലഹം ഉണ്ടാക്കാനുള്ള കുത്സിത ശ്രമമാണ് ലീഗ് നടത്തുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- Vellappally natesan against reporter tv journalist Rahees Rasheed on his question about why government not allowed colleges to sndp