

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ 16 വയസുള്ള മകൻ കോൺഗ്രസിനായി പ്രവർത്തിച്ചെന്നാരോപിച്ച് അമ്മയെ സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് സിപിഐഎം ഭരണസമിതി പിരിച്ച് വിട്ടു. ഇടുക്കി കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പർ നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്.
സിപിഐഎം സ്വാധീന മേഖലയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതോടെയാണ് ബാങ്ക് ഭരണസമിതിയുടെ പകപോക്കൽ. സംഭവത്തിൽ നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നിസ ഷിയാസ് പറഞ്ഞു. തൊടുപുഴ നഗരസഭയിലെ 21ാം വാർഡായ കീരികോടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന വിഷ്ണു കോട്ടപ്പുറത്തിനായാണ് നിസയുടെ മകൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങിയത്. എന്നാലിത് ഇരുവരും തമ്മിലുള്ള സൗഹൃദത്തിനു പുറത്തായിരുന്നുവെന്നും അതിനാൽ തടഞ്ഞില്ലെന്നും നിസ പറയുന്നു. ഇവിടെ 319 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിഷ്ണു ജയിച്ചത്.
പതിനൊന്ന് വർഷം മുമ്പ് ഭർത്താവ് മരിച്ച നിസ, കഴിഞ്ഞ ആറ് വർഷമായി ഇതേ ബാങ്കിലാണ് ജോലി ചെയ്യുന്നുണ്ട്. രണ്ട് മാസം മുൻപ് ശമ്പളം അയ്യായിരം രൂപയാക്കി. ശമ്പളവും പുതുവർഷ ബോണസായി ആയിരം രൂപയും നൽകിയാണ് നിസയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. എന്നാൽ ബോണസായി കിട്ടിയ തുക തിരികെ കൊടുത്ത് നിസ ജോലിവിട്ട് ഇങ്ങുകയായിരുന്നു. ഡിസംബർ 31 വരെ വന്നാൽ മതിയെന്നാണ് ഡിസംബർ 28ന് ബാങ്ക് അധികൃതർ അറിയിച്ചതെന്നും നിസ വ്യക്തമാക്കി.
Content Highlights: CPIM ruling bank committee sacks mother from job for her 16 year old son working for Congress in local body elections