ക്യാമ്പസിൽ ലൈംഗികാതിക്രമത്തിനും റാഗിംഗിനും ഇരയായ 19കാരി മരിച്ചു; പ്രൊഫസർക്കും വിദ്യാർത്ഥിനികൾക്കുമെതിരെ കേസ്

വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയും പ്രൊഫസർ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു

ക്യാമ്പസിൽ ലൈംഗികാതിക്രമത്തിനും റാഗിംഗിനും ഇരയായ 19കാരി മരിച്ചു; പ്രൊഫസർക്കും വിദ്യാർത്ഥിനികൾക്കുമെതിരെ കേസ്
dot image

ലുധിയാന: ഹിമാചല്‍ പ്രദേശില്‍ കോളേജ് ക്യാമ്പസിനുളളില്‍ റാഗിംഗിനും ലൈംഗികാതിക്രമത്തിനും ഇരയായ പത്തൊന്‍പതുകാരി മരിച്ചതിന് പിന്നാലെ പ്രൊഫസർക്കും മൂന്ന് വിദ്യാർത്ഥിനികൾക്കുമെതിരെ കേസ്. ധര്‍മ്മശാലയിലെ ഗവണ്‍മെന്റ് ഡിഗ്രി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയാണ് ലുധിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 2025 സെപ്റ്റംബര്‍ 18-നാണ് പെണ്‍കുട്ടി റാഗിംഗിനും ലൈംഗികാതിക്രമത്തിനും ഇരയായത്. വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുകയും മര്‍ദിക്കുകയും പ്രൊഫസർ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. ഡിസംബര്‍ 26-ന് പെണ്‍കുട്ടി മരിച്ചു. അവരുടെ പിതാവ് നല്‍കിയ പരാതിയിലാണ് പ്രൊഫസറുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മരിക്കുന്നതിന് മുന്‍പ് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം വിശദീകരിക്കുന്ന ഒരു വീഡിയോയും പെണ്‍കുട്ടി മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. കോളേജിലെ പ്രൊഫസര്‍ അശോക് കുമാര്‍ തന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും നിരന്തരം മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇത് എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. സഹപാഠികളായ ഹര്‍ഷിത, അകൃതി, കൊമോളിക എന്നിവര്‍ തന്നെ ക്രൂരമായി റാഗ് ചെയ്‌തെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

ഒന്നിലധികം ആശുപത്രികളില്‍ പെണ്‍കുട്ടി ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡിഎംസിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. പൊലീസിലും മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈനിലും പരാതി നല്‍കിയെങ്കിലും ആരും പ്രതികരിച്ചില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. എന്നാല്‍ നേരത്തെ നല്‍കിയ പരാതിയില്‍ റാഗിംഗ് മാത്രമേ പരാമര്‍ശിച്ചിരുന്നുളളുവെന്നും പ്രൊഫസറിനെതിരെ ആരോപണം ഉയര്‍ന്നതോടെ അന്വേഷണം വിപുലീകരിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

Content Highlights: 19-year-old girl dies after being sexually assaulted and ragged on campus himachal ludhiana

dot image
To advertise here,contact us
dot image