ദരിദ്രർ മരിക്കുമ്പോൾ സർക്കാർ മൗനം പാലിക്കുന്നു,ദുർഭരണത്തിന്റെ പ്രഭവകേന്ദ്രമാണ് മധ്യപ്രദേശ്; വിമർശിച്ച് രാഹുൽ

ഇന്‍ഡോറിലെ മലിനജല ദുരന്തത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ദരിദ്രർ മരിക്കുമ്പോൾ സർക്കാർ മൗനം പാലിക്കുന്നു,ദുർഭരണത്തിന്റെ പ്രഭവകേന്ദ്രമാണ് മധ്യപ്രദേശ്; വിമർശിച്ച് രാഹുൽ
dot image

ഭോപ്പാല്‍: ഇന്‍ഡോറിലെ മലിനജല ദുരന്തത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദരിദ്രര്‍ മരിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ദുരന്തത്തിന്റെ ഉത്തരവാദികള്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ദുര്‍ഭരണത്തിന്റെ പ്രഭവകേന്ദ്രമാണ് മധ്യപ്രദേശ്. പാവപ്പെട്ട ജനങ്ങള്‍ നിസ്സഹായരായി നില്‍ക്കുമ്പോള്‍ ബിജെപി നേതാക്കള്‍ അഹങ്കാരം കാണിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ദുരന്തത്തില്‍പ്പെട്ടവരെ ആശ്വസിപ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ ധിക്കാരം കാണിക്കുകയാണ്. ജനങ്ങള്‍ ആവര്‍ത്തിച്ച് പരാതിപ്പെട്ടിട്ടും ചെവിക്കൊള്ളാതിരുന്നത് എന്തുകൊണ്ടാണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

അതേസമയം ദുരന്തത്തില്‍ സര്‍ക്കാരിനെതിരെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഉമ ഭാരതി രംഗത്തെത്തിയിരുന്നു. മോഹന്‍ യാദവ് സര്‍ക്കാരിനും ബിജെപിക്കും നാണക്കേടാണെന്ന് ഉമ ഭാരതി പറഞ്ഞു. കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ നഷ്ടപരിഹരം അപര്യാപ്തമാണെന്നും ഉമ ഭാരതി വിമര്‍ശിച്ചു.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള ഇന്‍ഡോര്‍ വൃത്തികേടും മാലിന്യവും വിഷം കലര്‍ന്ന വെള്ളമൊഴുകുന്ന ഇടവുമായി. ഇതിലൂടെ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നതും ജനങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുന്നതുമായ കാഴ്ച്ച ആശങ്കയുണ്ടാക്കുന്നതാണ്. ഒരു ജീവന്റെ വില കേവലം രണ്ട് ലക്ഷം രൂപയല്ല. മരിച്ചവരുടെ കുടുംബങ്ങള്‍ ജീവിതകാലം മുഴുവന്‍ ഈ ദുഃഖത്തിന്റെ ഭാരം പേറണം. സംസ്ഥാന സര്‍ക്കാര്‍ ദുരിതബാധിതരായ ജനങ്ങളോട് മാപ്പ് ചോദിക്കണമെന്നും ഉമ ഭാരതി കൂട്ടിച്ചേര്‍ത്തു.

ഇൻഡോറിലെ ഭഗീരഥപുരയിലെ വാർഡ് 11ലെ കുടിവെള്ളത്തിലാണ് മലിനജലം കലർന്നതിനെ തുടർന്ന് വിഷബാധയുണ്ടായത്. ദുരന്തം നടക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ വെള്ളത്തെ സംബന്ധിച്ച് പ്രദേശവാസികളിൽ ചിലർ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ ഇത് ഗൗനിച്ചില്ല. ഡിസംബറോടെ സ്ഥിതിഗതി വഷളായി. നർമദ നദിയിൽനിന്നുള്ള വെള്ളമാണ് ഇവിടെ കുടിവെള്ളമായി എത്തുന്നത്. ഡിസംബർ 28ഓടെ വാർഡിലെ 90 ശതമാനം ആളുകൾക്കും വയറിളക്കം, ഛർദ്ദി, നിർജലീകരണം തുടങ്ങിയ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 29ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തു.

കുടിവെള്ള പൈപ്പ് ലൈനിനു മുകളിൽ, സേഫ്റ്റി ടാങ്കില്ലാതെ നിർമ്മിച്ച ശൗചാലയത്തിൽനിന്നുള്ള മാലിന്യം പൈപ്പിലെ വിള്ളലിലൂടെ കുടിവെള്ളത്തിൽ കലർന്നതാണ് വിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വെള്ളത്തിന്റെ സാമ്പിളുകളിൽ രോഗകാരികളായ അണുക്കളുടെ സാന്നിധ്യം കണ്ടെത്തി.

അസുഖബാധിതര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് ശുദ്ധമായ വെള്ളം ലഭ്യമാക്കണമെന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും കോടതി ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നേരത്തെ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ രണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ഒരാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

Content Highlight; Government Remains Silent When the Poor Die, Madhya Pradesh Has Become the Epicentre of Misrule; Says Rahul on Indore Tragedy

dot image
To advertise here,contact us
dot image