

തിരുവനന്തപുരം: വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍. തിരുവനന്തപുരത്തെ ബിജെപിയുടെ വിജയത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് തരൂരിന്റെ കുറ്റപ്പെടുത്തല്‍. ഒന്നര വര്‍ഷം മുന്‍പ് താന്‍ നല്‍കിയ മുന്നറിയിപ്പ് കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചു എന്നാണ് ശശി തരൂര്‍ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും നഗരത്തില്‍ ബിജെപിക്ക് വോട്ട് കൂടുതലായിരുന്നുവെന്നും അന്ന് മുതല്‍ തന്നെ പാര്‍ട്ടിയുടെ പോരായ്മകള്‍ പറഞ്ഞതാണെന്നും തരൂര്‍ പറഞ്ഞു. നഗരത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിച്ചു, ജനങ്ങളുടെ ആഗ്രഹം ബിജെപിക്ക് അനുകൂലമാവുകയായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. പറയാനുളള കാര്യങ്ങള്‍ പാര്‍ട്ടിക്ക് അകത്തുതന്നെ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂര്‍ പാതി ബിജെപി ആണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരിഹാസത്തിനും തരൂര്‍ മറുപടി നല്‍കി. തന്റെ നയങ്ങളും നിലപാടും എത്രയോ തവണ എഴുതിയിട്ടുളളതാണെന്നും അത് ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്നും തരൂര്‍ പറഞ്ഞു. ലേഖനത്തിന്റെ തലക്കെട്ട് മാത്രം വായിച്ചാണ് പലരും സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജില്‍ സര്‍ക്കാരിനെ പിന്തുണച്ചാണ് ശശി തരൂര്‍ പ്രതികരിച്ചത്. പാവങ്ങളാണ്, ന്യൂനപക്ഷമാണ് എന്ന് പറയുന്നതില്‍ ന്യായമില്ലെന്നും നിയമപ്രകാരമാണ് നടപടികളുണ്ടായതെന്നും തരൂര്‍ പറഞ്ഞു. ആരോഗ്യകരമായി താമസിക്കാന്‍ പറ്റാത്ത സ്ഥലമായിരുന്നു അതെന്നും അതുകൊണ്ടാണ് പ്രദേശം ഒഴിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബുള്‍ഡോസര്‍ വിഷയത്തില്‍ കോടതിയുടെ അഭിപ്രായം കൂടിയുണ്ടെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Shashi tharoor criticize congress on victory of bjp in thiruvananthapuram corporation