

ലക്‌നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കൊന്ന കേസില്‍ യുവതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ ബന്ദയിലെ മര്‍വാല്‍ ഗ്രാമത്തിലാണ് പതിനെട്ടുകാരിയായ യുവതി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്.
സുഖ്‌രാജ് പ്രജാപതി (50) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് മൂര്‍ച്ചയുളള ആയുധം കൊണ്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്ന് എസ്എച്ച്ഒ രാജേന്ദ്ര സിംഗ് രജാവത്ത് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച മഴുവും പൊലീസ് കണ്ടെടുത്തു.
തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കൊല്ലപ്പെട്ട സുഖ്‌രാജ് പ്രജാപതി തന്റെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും സ്വയം പ്രതിരോധിക്കുന്നതിനിടെയാണ് പ്രതി കൊല്ലപ്പെട്ടതെന്നും യുവതി പൊലീസിനോട് പറഞ്ഞത്. ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടെ തന്റെ കയ്യില്‍ കിട്ടിയ മഴു ഉപയോഗിച്ചാണ് യുവതി പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയത്. യുവതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Content Highlights: Woman arrested for killing man during rape attempt in Uttar Pradesh