

കൊച്ചി: കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. സിദ്ധരാമയ്യ സര്‍ക്കാരിന്റെ പൊലീസ് മൂവായിരത്തോളം മനുഷ്യരെ തെരുവിലേക്ക് തള്ളിവിട്ടെന്ന് സനോജ് പറഞ്ഞു. കോണ്‍ഗ്രസുകാരും ലിബറലുകളും നിരന്തരം പാടുന്ന രാഹുല്‍ ഗാന്ധിയുടെ 'സ്‌നേഹത്തിന്റെ കട' ഇങ്ങനെയൊക്കെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'അടിയന്തരാവസ്ഥാ കാലത്ത് ഡല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്ന ദരിദ്ര മനുഷ്യര്‍ ഡല്‍ഹിയുടെ സൗന്ദര്യം നശിപ്പിക്കുന്നു എന്ന് തോന്നിയപ്പോള്‍ ഇന്ദിരാ മകന്‍ സഞ്ജയ് ഇതുപോലെ ആയിരക്കണക്കിന് മനുഷ്യരുടെ കൂരകള്‍ ഇല്ലാതാക്കി അപ്പാവികളായ മനുഷ്യരെ ആട്ടിയോടിച്ചത് അടിയന്തരാവസ്ഥാ ചരിത്രത്തിന്റെ കറുത്ത അധ്യായങ്ങളിലുണ്ട്. അത് സഞ്ജയ് ഗാന്ധിയിലൊതുങ്ങുന്നതല്ലെന്ന് കോണ്‍ഗ്രസ് പലവട്ടം പിന്നീടും തെളിയിച്ചിട്ടുണ്ട്', വി കെ സനോജ് പറഞ്ഞു.
കേരളത്തില്‍ പട്ടിണി കിടക്കേണ്ടി വരുന്ന അവസാന മനുഷ്യനേയും കണ്ടെത്തി അവര്‍ക്ക് ആവശ്യമായ രേഖകള്‍ നിര്‍മ്മിച്ചു നല്‍കി അന്തസ്സുള്ള ജീവിതം നല്‍കി പൊതുസമൂഹത്തിന്റെ ഭാഗമാക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനം ആകെ പ്രവര്‍ത്തിച്ച് കേരളം അതിദാരിദ്ര മുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെ പരിഹസിച്ചു നടന്ന കോണ്‍ഗ്രസുകാരുടെ സ്വന്തം സര്‍ക്കാരാണ് പാവപ്പെട്ട മൂവായിരത്തോളം മുസ്‌ലിം ജനതയെ ദയയില്ലാതെ തെരുവിലിറക്കി വിട്ടത് എന്നോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗോ ഐക്യ ജമാഅത്തെ മുന്നണി നേതാക്കളോ ഇതിനെതിരെ കമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് യലഹങ്കയിലെ കൊഗിലു ഗ്രാമത്തില്‍ മുന്നറിയിപ്പുകള്‍ ഇല്ലാതെ അധികൃതര്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് പാവങ്ങളുടെ വീടുകള്‍ തകര്‍ത്തത്. കര്‍ണാടക സര്‍ക്കാര്‍ 150ലധികം കുടുംബങ്ങളെയാണ് ഭവനരഹിതരാക്കിയത്. ഖരമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന സര്‍ക്കാര്‍ഭൂമി കയ്യേറി കുടിലുകള്‍ സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു പൊളിച്ചുനീക്കല്‍. ആവശ്യമായ രേഖകള്‍ പോലും എടുത്തുവെക്കാന്‍ അനുവദിക്കാതെയായിരുന്നു ഈ നടപടികള്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
യോഗിയുടെ ബുള്‍ഡോസര്‍ രാജ് കോണ്‍ഗ്രസിലൂടെ കര്‍ണ്ണാടകയിലെത്തി നില്‍ക്കുകയാണ്.
ബെംഗളൂരു നഗരത്തിലെ യലഹങ്കയില്‍ മൂവായിരത്തോളം മുസ്‌ലിങ്ങള്‍ താമസിക്കുന്ന ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലുമുള്ള അഞ്ഞൂറോളം വീടുകളാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കര്‍ണാടക പൊലീസും അധികൃതരും ബുള്‍ഡോസര്‍ വെച്ച് ഇടിച്ചുനിരത്തി പൊളിച്ചു മാറ്റിയത്. സിദ്ധരാമയ്യയെ സര്‍ക്കാരിന്റെ പൊലീസ് മൂന്ന് പതിറ്റാണ്ടിലേറെ അവിടെ താമസിച്ചുവരുന്ന മൂവായിരത്തിലധികം മനുഷ്യരെ ഒരു മുന്നറിയിപ്പുമില്ലാതെ, പുലര്‍ച്ചെ തെരുവിലേക്ക് തള്ളി വിട്ടു, അവരുടെ കൂരകള്‍ ബുള്‍ഡോസര്‍ വച്ച് പൊളിച്ചടുക്കി. കോണ്‍ഗ്രസുകാരും ലിബറലുകളും നിരന്തരം പാടുന്ന രാഹുല്‍ ഗാന്ധിയുടെ 'സ്‌നേഹത്തിന്റെ കട' ഇങ്ങനെയൊക്കെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നത്.
അടിയന്തരാവസ്ഥ കാലത്ത് ഡല്‍ഹിയിലെ ചേരികളില്‍ താമസിക്കുന്ന ദരിദ്ര മനുഷ്യര്‍ ഡല്‍ഹിയുടെ സൗന്ദര്യം നശിപ്പിക്കുന്നു എന്ന് തോന്നിയപ്പോള്‍ ഇന്ദിരാ മകന്‍ സഞ്ജയ് ഇതുപോലെ ആയിരക്കണക്കിന് മനുഷ്യരുടെ കൂരകള്‍ ഇല്ലാതാക്കി അപ്പാവികളായ മനുഷ്യരെ ആട്ടിയോടിച്ചത് അടിയന്തരാവസ്ഥ ചരിത്രത്തിന്റെ കറുത്ത അധ്യായങ്ങളിലുണ്ട്. അത് സഞ്ജയ് ഗാന്ധിയിലൊതുങ്ങുന്നതല്ലെന്ന് കോണ്‍ഗ്രസ് പലവട്ടം പിന്നീടും തെളിയിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകളായി വൈദ്യുതി ബില്ലും വെള്ളക്കരവുമൊക്കെ അടച്ച് പോരുന്ന ഈ മനുഷ്യര്‍ അവിടെ അനധികൃത തമാസക്കാരാണെന്നാണ് സിദ്ധരാമായ സര്‍ക്കാര്‍ ഭാഷ്യം.
കേരളത്തില്‍ പട്ടിണി കിടക്കേണ്ടി വരുന്ന അവസാന മനുഷ്യനേയും കണ്ടെത്തി അവര്‍ക്ക് ആവശ്യമായ രേഖകള്‍ നിര്‍മ്മിച്ചു നല്‍കി അന്തസ്സുള്ള ജീവിതം നല്‍കി പൊതുസമൂഹത്തിന്റെ ഭാഗമാക്കാന്‍ ഒരു സര്‍ക്കാര്‍ സംവിധാനം ആകെ പ്രവര്‍ത്തിച്ച് കേരളം അതിദാരിദ്ര മുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെ പരിഹസിച്ചു നടന്ന കോണ്‍ഗ്രസുകാരുടെ സ്വന്തം സര്‍ക്കാരാണ് പാവപ്പെട്ട മൂവായിരത്തോളം മുസ്ലീം ജനതയെ ദയയില്ലാതെ തെരുവിലിറക്കി വിട്ടത് എന്നോര്‍ക്കണം. അതും അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ എല്ലാം ഉപജീവന സാമഗ്രികളും മണ്ണിനടിയിലാക്കി കൊണ്ട്.
കര്‍ണ്ണാടക നിയമസഭക്കകത്ത് ആര്‍എസ്എസിന്റെ ഗണഗീതം പാടിയ ഡി കെ ശിവകുമാറാണ് കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷനും ബാഗ്ലൂര്‍ വികസന അതോറിറ്റിയുടെ ചുമതലക്കാരനും. കോര്‍പ്പറേറ്റ് മാഫിയകള്‍ക്ക് വേണ്ടി ആയിരക്കണക്കിന് പാവപ്പെട്ട ജനതയെ തെരുവിലിറക്കാന്‍ യു പിയിലെ യോഗിക്കും കര്‍ണ്ണാടകയിലെ സിദ്ധുവിനും ഡി കെക്കുമൊക്കെ ഒരേ ആവേശമാണ്. ഇവിടെ ഇരയാക്കപ്പെടുന്നവരില്‍ ഭൂരിപക്ഷം പാവപ്പെട്ട മുസ്ലീം ജനതയും.
24 മണിക്കൂര്‍ എന്നോളം സംഘപരിവാറിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോരാടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സിജെപി എന്ന് ചാപ്പയടിക്കുന്ന കേരളത്തിലെ സമുദായ സംരക്ഷണ പാര്‍ട്ടി എന്നവകാശപ്പെടുന്ന മുസ്‌ലിം ലീഗോ ഐക്യ ജമാഅത്തെ മുന്നണി നേതാക്കളോ ഇതിനെതിരെ കമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ ഇരുട്ട് മുറി ഭടന്മാര്‍ സിദ്ധാരമയ്യ സര്‍ക്കാരിന്റെ ഈ മുസ്ലീം വേട്ട എങ്ങനെ സൈദ്ധാന്തിക ഭാഷയില്‍ അവതരിപ്പിച്ച് അന്റാര്‍ട്ടിക്ക വരെ കയറിയിറങ്ങി എങ്ങനെ കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കാം എന്ന ആലോചനയിലാവും.
Content Highlights: V K Sanoj criticise Karnataka Buldozer Raj