

ലക്‌നൗ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെട്ട നിഖാബ് വിവാദത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി ഉത്തർ പ്രദേശ് മന്ത്രി. ഫിഷറീസ് വകുപ്പ് മന്ത്രി സഞ്ജയ് നിഷാദ് ആണ് ഒരു ചാനൽ ചർച്ചയ്ക്കിടെ സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തെത്തിയത്. 'നിതീഷ് കുമാർ മറ്റെവിടെയെങ്കിലും ആണ് തൊട്ടതെങ്കിലോ' എന്നായിരുന്നു സഞ്ജയ് നിഷാദിന്റെ പരാമർശം.
'ആളുകൾ വെറുതെ പ്രശ്നമുണ്ടാക്കരുത്. അദ്ദേഹവും ഒരു മനുഷ്യനാണ്. നിഖാബിൽ തൊട്ടതിന് വെറുതെ അയാളെ വേട്ടയാടരുത്. അദ്ദേഹം മറ്റെവിടെയെങ്കിലും ആണ് തൊട്ടതെങ്കിൽ എന്താണ് സംഭവിക്കുക' എന്നായിരുന്നു സഞ്ജയ് നിഷാദ് പറഞ്ഞത്. പരാമർശം വിവാദമായതോടെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ വന്നുതുടങ്ങി. പിന്നാലെ സഞ്ജയ് നിഷാദ് വിശദീകരണവുമായി എത്തിയിരുന്നു. താൻ പറഞ്ഞ പശ്ചാത്തലവും സാഹചര്യവും വേറെയായിരുന്നുവെന്നും പൂർവാഞ്ചലിൽ ഇത്തരം പ്രയോഗങ്ങൾ സാധാരണമാണ് എന്നുമായിരുന്നു സഞ്ജയ്‌യുടെ വിശദീകരണം.
ഡിസംബർ 15നായിരുന്നു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെട്ട നിഖാബ് വിവാദം ഉണ്ടായത്. ആയുഷ് സർട്ടിഫിക്കറ്റ് വിതരണത്തിനിടെയായിരുന്നു സംഭവം. സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന മുസ്‌ലിം യുവതിയുടെ നിഖാബ് നിതീഷ് കുമാർ വലിച്ചുമാറ്റുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ യുവതിയുടെ നിഖാബ് വലിച്ചുമാറ്റിയതിന് പിന്നാലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിതീഷിനെ തടയുന്നത് കാണാം.നിതീഷ് ആദ്യം യുവതിയോട് നിഖാബ് മാറ്റാൻ ആവശ്യപ്പെടുകയാണ്. യുവതി പ്രതികരിക്കുന്നതിന് മുൻപ് തന്നെ നിതീഷ് നിഖാബ് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം ബിഹാറിൽ വലിയ രാഷ്ട്രീയവിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
പിന്നാലെ നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. നിതീഷ് കുമാർ മാപ്പുപറയണമെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലിരിക്കാൻ അർഹതയില്ലെന്നുമാണ് ആർജെഡിയും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചത്. സംഭവത്തിൽ നിതീഷ് മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Content Highlights: UP Minister sexist remarks on Nitish Kumar Hijab Row