

ഐപിഎല്‍ 2026 മിനി താരലേലം അബുദാബിയില്‍ പൂര്‍ത്തിയാപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. വർഷങ്ങളായി 30 വയസുകഴിഞ്ഞ താരങ്ങളെ ലേലത്തിൽ സ്വന്തമാക്കുന്ന ശൈലി തങ്ങള്‍ മാറ്റിപ്പിടിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്തവണ ചെന്നൈയുടെ ഐപിഎല്‍ സ്ട്രാറ്റജി. കഴിഞ്ഞ സീസണിൽ പകരക്കാരായി എത്തിയ ആയുഷ് മാത്രെയും ഡെവാൾഡ് ബ്രെവിസും തിരുത്തിത്തുടങ്ങിയ ഈ പതിവ് ഇപ്പോൾ നടക്കുന്ന ലേലത്തിലും തുടരുന്ന കാഴ്ചയ്ക്കാണ് ആരാധകർ സാക്ഷിയായത്.
ലേലത്തിന്റെ ആദ്യഘട്ടത്തില്‍ കാമറൂണ്‍ ഗ്രീന്‍ ഒഴികെയുള്ള മറ്റ് വിദേശതാരങ്ങള്‍ക്ക് പിന്നില്‍ പോകാതെ ഒളിഞ്ഞുനിന്ന ചെന്നൈ രണ്ടാം ഘട്ടത്തിലാണ് അക്ഷരാർത്ഥത്തിൽ ആരാധകരെ അത്ഭുതപ്പെടുത്തിയത്. രണ്ട് അൺക്യാപ്പ്ഡ് താരങ്ങൾക്ക് വേണ്ടി 14.2 കോടി രൂപ വീതമാണ് ചെന്നൈ മുടക്കിയത്. ഇത്തവണ യുവതാരങ്ങളെ റാഞ്ചിയ ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ 'ജെൻ സി' വൈബാണ് പിടിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്.
ചെന്നൈ ടീമിലെ ഏറ്റവും പ്രായം കൂടിയ താരം ഇതിഹാസനായകൻ എം എസ് ധോണിയാണ്. 44 വയസുള്ള ധോണിയെ മാറ്റിനിർത്തിയാൽ ചെന്നൈ ടീമിൽ 32 വയസിന് മുകളിൽ പ്രായമുള്ളവർ ഇല്ല എന്നുതന്നെ പറയാം. ശ്രേയാസ് ഗോപാൽ, അകേൽ ഹുസൈൻ എന്നിവർക്ക് 32 വയസാണ് പ്രായം. 31 വയസുള്ള മലയാളി താരം സഞ്ജു സാംസണും നഥാൻ എല്ലിസും ജേമി ഓവർട്ടണുമാണ് തൊട്ടുപിന്നാലെയുള്ള. ക്യാംപിലെ ബാക്കിയുള്ള താരങ്ങളെല്ലാം 30 വയസിൽ താഴെ പ്രായമുള്ളവരാണ്.
മിനിലേലത്തിൽ ആകെ നാല് താരങ്ങളെയാണ് ചെന്നൈ ഇതുവരെ സ്വന്തമാക്കിയത്. 20 വയസുകാരനായ പ്രശാന്ത് വീർ, 19 വയസുകാരനായ കാർത്തിക് ശർമ എന്നീ താരങ്ങൾക്ക് 14.2 കോടി രൂപ വീതമാണ് ചെന്നൈ സൂപ്പർ കിങ്സ് നൽകിയത്. വെസ്റ്റ് ഇൻഡീസ് സ്പിൻ ഓൾറൗണ്ടർ അകേൽ ഹുസൈനെയും 30 വയസുള്ള ഓസീസ് വിക്കറ്റ് കീപ്പർ മാത്യു ഷോർട്ടിനെയും ചെന്നൈ തട്ടകത്തിലെത്തിച്ചിട്ടുണ്ട്.
Content Highlights: IPL Auction 2026: Chennai Super Kings break tradition with youth-heavy squad