നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തം ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച കരിമരുന്ന് പ്രയോഗത്തിലൂടെ; അന്വേഷണ റിപ്പോർട്ട്

ബെല്ലി ഡാന്‍സ് സംഘടിപ്പിച്ചവരാണ് പ്രതികളെന്നും ക്ലബ്ബിന്റെ ഉടമകള്‍ക്ക് പങ്കില്ലെന്നും കാണിച്ച് പിടിയിലായ പ്രതികള്‍ കോടതിയെ സമീപിച്ചു

നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തം ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച കരിമരുന്ന് പ്രയോഗത്തിലൂടെ; അന്വേഷണ റിപ്പോർട്ട്
dot image

പനാജി:  ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ കൊല്ലപ്പെടാനിടയായ സംഭവം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ബെല്ലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്ന് പ്രയോഗത്തിലൂടെയാണ് തീപിടിത്തമുണ്ടായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബെല്ലി ഡാന്‍സ് സംഘടിപ്പിച്ചവരാണ് പ്രതികളെന്നും ക്ലബ്ബിന്റെ ഉടമകള്‍ക്ക് പങ്കില്ലെന്നും കാണിച്ച് പിടിയിലായ പ്രതികള്‍ കോടതിയെ സമീപിച്ചു.

അതേസമയം, ഗോവ പൊലീസ് ഉടന്‍ സിബിഐയുടെ സഹായത്തോടെ തായ്‌ലന്‍ഡിലെത്തി ഉടമകളായ ലുത്ര സഹോദരന്മാരായ ഗൗരവ് (44), സൗരഭ് (40) എന്നിവരെ കസ്റ്റഡിയിലെടുക്കും. മൂവായിരം ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള നിശാ ക്ലബ്ബ് സീലിംഗ് നിര്‍മ്മിച്ചത് മുളയും പനയോലയും ഉള്‍പ്പെടെയുള്ള വേഗത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ്. ക്ലബ്ബിനുള്ളില്‍ മദ്യം കൂട്ടിയിട്ടിരുന്നു. പുറത്തേക്കിറങ്ങാന്‍ ആവശ്യത്തിന് കവാടങ്ങളില്ലായിരുന്നു.

നിശാ ക്ലബ്ബില്‍ ഡാന്‍സ് നടത്തുന്നതിനിടെ കരിമരുന്ന് പ്രയോഗിച്ചപ്പോഴാണ് തീ പിടിച്ചത്. പടരുന്നത് തടയാന്‍ സംവിധാനമില്ലാത്തതിനാല്‍ ദുരന്തത്തിന്റെ ആഘാതം കൂടിയെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. അടച്ചിട്ട കെട്ടിടത്തിനുള്ളില്‍ ചെറുതായി പോലും കരിമരുന്ന് പ്രയോഗിക്കരുതെന്ന നിയമം പാലിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ നിലവില്‍ എട്ടുപേരാണ് പിടിയിലുള്ളത്.

ഡിസംബര്‍ ആറിനാണ് അര്‍പോറയിലെ നിശാക്ലബ്ബില്‍ അര്‍ധരാത്രിയോടെ തീപിടിത്തമുണ്ടായത്. 25 പേരാണ് അപകടത്തില്‍ മരിച്ചത്. അഗ്നിരക്ഷാസേന തീ അണയ്ക്കാന്‍ ശ്രമിക്കുന്ന സമയത്ത് ലുത്ര സഹോദരന്മാര്‍ തായ്‌ലാന്‍ഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് രാജ്യംവിടുകയായിരുന്നു. പിന്നാലെ പാസ്‌പോര്‍ട്ട് നിയമത്തിലെ 10എ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഇവരുടെ പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി റദ്ദാക്കി. പാസ്‌പോര്‍ട്ട് സാധുത നഷ്ടമായതോടെ ഇവരുടെ തായ്‌ലന്‍ഡിലെ താമസം നിയമവിരുദ്ധമായി. തുടര്‍ന്ന് സിബിഐ തായ്‌ലന്‍ഡ് പൊലീസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു.

Content Highlights: Luthra Brothers Shift Blame to Belly Dancer for Goa Club Fire That Killed 25

dot image
To advertise here,contact us
dot image