

കൊല്ലം: രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്തുവെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. രാഹുലിനെതിരെ മുന്‍പ് കോണ്‍ഗ്രസിന് പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം എവിടെയാണെന്ന് അറിയാവുന്ന ഏക ആള്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തര വകുപ്പിനും അറിയാം. പ്രതിയെ അറസ്റ്റ് ചെയ്യുകയാണ് വണ്ടത്. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുകയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുലിന്റെ ഗോഡ്ഫാദര്‍ താങ്കളാണോ എന്ന ചോദ്യത്തിന്, 'അയ്യോ ഞാനല്ലേ, എന്നെ അങ്ങ് വിട്ടേക്കൂ' എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി.
ശബരിമല സ്വര്‍ണക്കൊളള കേസില്‍ ഇനിയും ജയിലിലേക്ക് പോകാന്‍ ധാരാളം ആളുകളുണ്ടെന്നും അവരും ഉടന്‍ ജയിലിലേക്ക് പോകുമെന്നാണ് കരുതുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊളള ചര്‍ച്ച ചെയ്യാതിരിക്കാന്‍ നീക്കം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കെ ജയകുമാറിനെ പുതിയ ചുമതല ഏല്‍പ്പിച്ചത് സര്‍ക്കാരാണെന്നും അത് ശരിയോ തെറ്റോ എന്ന് കോടതി പരിശോധിക്കട്ടെയെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. മുൻകൂർ ജാമ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ പിഴവുണ്ടെന്നും പരാതിക്കാരിക്കെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രാഹുൽ പറയുന്നുണ്ട്. തനിക്കെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് രാഹുൽ ഹർജിയിൽ വ്യക്തമാക്കി. യുവതി നടപടിക്രമങ്ങള്‍ പാലിച്ചല്ല പരാതി നല്‍കിയത്. ബന്ധപ്പെട്ട സംവിധാനത്തിനല്ല മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. എല്ലാ കാര്യങ്ങളിലും അന്വേഷണ സംഘത്തിന് വിശദീകരണം നല്‍കാനും സഹകരിക്കാനും തയ്യാറാണ്. താന്‍ നിരപരാധിയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഹർജിയിൽ വ്യക്തമാക്കി.
Content Highlights: adoor prakash says he is not rahul mamkoottathil's godfather