'വാക്കുപാലിക്കണം,അല്ലെങ്കിൽ എനിക്ക് വിലയുണ്ടാകില്ല'; ഡികെയോടും സിദ്ധരാമയ്യയോടും ഖർഗെ; രണ്ടാം കൂടിക്കാഴ്ച ഇന്ന്

ഇരു നേതാക്കളും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും

'വാക്കുപാലിക്കണം,അല്ലെങ്കിൽ എനിക്ക് വിലയുണ്ടാകില്ല'; ഡികെയോടും സിദ്ധരാമയ്യയോടും ഖർഗെ; രണ്ടാം കൂടിക്കാഴ്ച ഇന്ന്
dot image

ബെംഗളൂരു: 'മുഖ്യമന്ത്രിമാറ്റ' ചർച്ചകൾ സജീവമായ കർണാടകയിൽ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സിദ്ധരാമയ്യ ഡി കെ ശിവകുമാറിൻ്റെ വസതിയിൽ പ്രഭാതഭക്ഷണ ചർച്ചകൾക്ക് എത്തും. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് ഇരു നേതാക്കളും വീണ്ടും കൂടിക്കാഴ്ച്ച നടത്തുന്നത്. നവംബർ 29ന് നടന്ന കൂടിക്കാഴ്ചയിൽ മഞ്ഞുരുക്കത്തിന്റെ സൂചനകൾ പ്രകടമായതിന് പിന്നാലെയാണ് ഇരു നേതാക്കളും വീണ്ടും ചർച്ചകൾ നടത്തുന്നത്.

അതേസമയം, മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച് നേരത്തെ നൽകിയിരുന്ന വാക്ക് പാലിക്കാൻ ഇരു നേതാക്കളോടും ഖർഗെ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് ഇരു നേതാക്കളും ധാരണയിലെത്തണമെന്ന് ഖർഗെ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇരു നേതാക്കളും വാക്ക് പാലിച്ചില്ലെങ്കിൽ തന്റെ സ്വന്തം സംസ്ഥാനത്ത് പോലും തനിക്ക് വിലയുണ്ടാകില്ല എന്ന് ഖർഗെ പറഞ്ഞതായാണ് 'എൻഡിടിവി' റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ നടത്തിയ ചർച്ചകൾക്ക് പിന്നാലെ എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും എന്നാണ് ഖർഗെ പറഞ്ഞിരുന്നത്.

മുഖ്യമന്ത്രിക്കസേരയ്ക്കുള്ള ഇരുനേതാക്കളുടെയും പിടിവലി കനത്തതിന് പിന്നാലെ നവംബർ 29ന് സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും ഐക്യത്തിൻ്റെ സന്ദേശമാണ് നൽകിയത്. 'ഐക്യം തുടരും. ഞങ്ങൾ ഒരുമിച്ച് ഐക്യത്തോടെ മുന്നോട്ട് പോകും. ഞങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള ഭിന്നതയില്ല എന്നായിരുന്നു' പ്രഭാതഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളുടെയും പ്രതികരണം.

ഡി കെ ശിവകുമാറുമായി ഒരു അഭിപ്രായ ഭിന്നതയുമില്ലെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. തെറ്റായ ആരോപണങ്ങൾ സൃഷ്ടിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തിയിരുന്നു.

നേതൃവിഷയം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് ഡി കെ ശിവകുമാർ വ്യക്തമാക്കിയത്. ദേശീയ നേതൃത്വം എന്ത് പറയുന്നോ അത് തങ്ങൾ അനുസരിക്കും. ഇവിടെ ​ഗ്രൂപ്പില്ല. ഞങ്ങൾ യോജിച്ചാണ് പ്രവ‍ർത്തിക്കുന്നത്. എന്താണോ മുഖ്യമന്ത്രി പറയുന്നത്, ഞാൻ അതിനൊപ്പമാണെന്നും തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ക‍ർണാടക ഉപമുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights: kharge asks dk and siddaramaiah to adhere to words on cm change

dot image
To advertise here,contact us
dot image