

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന വെറുമൊരു പുസ്തകമല്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ ഓരോ പൗരനും നല്‍കുന്ന പവിത്രമായ ഉറപ്പാണ് ഭരണഘടനയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മതം, ജാതി, ഭാഷ, ദരിദ്രൻ, സമ്പന്നൻ എന്നൊന്നും നോക്കാതെ എല്ലാവര്‍ക്കും തുല്യതയും ബഹുമാനവും നീതിയും ഭരണഘടന ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഭരണഘടന സംരക്ഷിക്കപ്പെടുന്നിടത്തോളം ഓരോ ഇന്ത്യക്കാരുടെയും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നു. ഭരണഘടനയ്ക്കെതിരായ ഒരു ആക്രമണവും അനുവദിക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ഭരണഘടനയെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. ഭരണഘടനയ്ക്ക് എതിരായ ഏതൊരു ആക്രമണത്തിനെതിരെയും ആദ്യം നിലകൊള്ളും', രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ആഘോഷങ്ങള്‍ ആരംഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നേതൃത്വത്തിലാണ് ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. മലയാളം, മറാഠി, നേപ്പാളി, പഞ്ചാബി, ബോഡോ, കശ്മീരി, തെലുഗു, ഒഡിയ, അസമീസ് എന്നീ ഒമ്പതുഭാഷകളിലുള്ള ഭരണഘടനാല പരിഭാഷ ചടങ്ങില്‍ പ്രകാശനം ചെയ്യും.
Content Highlights: Rahul Gandhi says Constitution is not a just book