

ആൻഡ്രിയയെ പ്രധാന കഥാപാത്രമാക്കി മിഷ്കിൻ ഒരുക്കിയ സിനിമയാണ് പിശാച് 2 . നേരത്തെ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചിത്രത്തിൽ ആൻഡ്രിയയുടെ ന്യൂഡ് സീൻ ഉണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് നടി. സിനിമയിൽ ആദ്യം ന്യൂഡ് സീനുകൾ ഉണ്ടായിരുന്നു എന്നും എന്നാൽ ഷൂട്ടിംഗ് സമയത്ത് അവ വേണ്ടെന്ന് വെച്ചു എന്നും നടി പറഞ്ഞു.
'സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് ന്യൂഡ് സീനുകൾ ഉണ്ടായിരുന്നു. എന്നാൽ ഷൂട്ടിംഗ് സമയത്ത് ആ സീനുകൾ വേണ്ടെന്ന് വെച്ചു. സിനിമയിൽ ഇറോട്ടിക്ക് രംഗങ്ങൾ ഉണ്ട് പക്ഷെ ന്യൂഡ് സീനുകൾ ഇല്ല. വെറും നിലനിൽപ്പിന് വേണ്ടി അല്ല മിഷ്കിൻ സാർ പിശാച് 2 ചെയ്യുന്നത്. അദ്ദേഹം വലിയ അഭിനേതാക്കൾക്കൊപ്പം നിരവധി സിനിമകൾ ചെയ്തിട്ടുള്ളയാളാണ്. അത്തരമൊരു സംവിധായകൻ എന്നോട് ഒരു വേഷം ചെയ്യാൻ ആവശ്യപ്പെടുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ വിഷനെയും ഉദ്ദേശത്തെയും വിശ്വസിക്കണം', ആൻഡ്രിയയുടെ വാക്കുകൾ.
ആൻഡ്രിയ ജെറമിയ, വിജയ് സേതുപതി, പൂർണ, സന്തോഷ് പ്രതാപ് എന്നിവരാണ് പിശാച് 2 വിലെ പ്രധാന അഭിനേതാക്കൾ. കാർത്തിക് രാജയാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. മിഷ്കിൻ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
അതേസമയം, ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ പ്രെസെന്റ് ചെയ്യുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. സിനിമയിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റാണ്.
Content Highlights: Andrea about Mysskin movie Pisasu 2