'ഞാൻ ഹിന്ദു വിരുദ്ധനല്ല,ഹൈന്ദവ വികാരം വ്രണപ്പെടുത്തിയിട്ടുമില്ല':ഷൂ എറിയാൻ നടന്ന ശ്രമത്തെക്കുറിച്ച് ബിആർ ഗവായ്

തന്റെ പിതാവ് വളരെ മതേതരനായ വ്യക്തിയായിരുന്നെന്നും താൻ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നയാളാണെന്നും ഗവായ് പറഞ്ഞു

'ഞാൻ ഹിന്ദു വിരുദ്ധനല്ല,ഹൈന്ദവ വികാരം വ്രണപ്പെടുത്തിയിട്ടുമില്ല':ഷൂ എറിയാൻ നടന്ന ശ്രമത്തെക്കുറിച്ച് ബിആർ ഗവായ്
dot image

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ ഷൂ എറിയാന്‍ നടന്ന ശ്രമം തന്നെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. താന്‍ ഹിന്ദു വിരുദ്ധനാണെന്ന ആരോപണം പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് നിയമത്തിന്റെയും മതേതരത്വത്തിന്റെയും തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിച്ചതെന്നും ബി ആര്‍ ഗവായ് പറഞ്ഞു.

'ഒരാളെ ശിക്ഷിക്കുന്നതിലല്ല മറിച്ച് ക്ഷമിക്കുന്നിടത്താണ് നിയമത്തിന്റെ മഹത്വം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ കുടുംബത്തില്‍ നിന്ന് പഠിച്ച ക്ഷമയുടെ പാഠങ്ങളാണ് എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം. ഞാന്‍ ഹൈന്ദവ വികാരം വ്രണപ്പെടുത്തിയിട്ടില്ല. ക്ഷേത്രങ്ങളിലും ദര്‍ഗയിലും പളളിയിലും ഗുരുദ്വാരകളിലും ക്രിസ്ത്യന്‍ പളളികളിലും പോകാറുളളയാളാണ് ഞാന്‍. സുപ്രീം കോടതിയില്‍ എനിക്കുനേരെ ഷൂ എറിഞ്ഞ സംഭവം ഒരുതരത്തിലും എന്നെ ബാധിച്ചിട്ടില്ല. എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നയാളാണ് ഞാന്‍. എന്റെ പിതാവ് വളരെ മതേതരനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഗുണങ്ങള്‍ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്': ബി ആര്‍ ഗവായ് പറഞ്ഞു.

ഷൂ എറിഞ്ഞ ആളോട് ക്ഷമിച്ച സമയത്ത് അയാള്‍ വിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചാണ് ഷൂ എറിഞ്ഞതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഗവായ് പറഞ്ഞു. ഒക്ടോബര്‍ ആറിനാണ് ചീഫ് ജസ്റ്റിസായിരുന്ന ബി ആര്‍ ഗവായ്ക്കുനേരെ സുപ്രീം കോടതിയ്ക്കുളളില്‍ വെച്ച് ഷൂ എറിയാന്‍ ശ്രമമുണ്ടായത്. അഭിഭാഷകരുടെ മെന്‍ഷനിംഗ് നടക്കുന്നതിനിടെയായിരുന്നു സംഭവം.

അഭിഭാഷകനായ രാകേഷ് കിഷോര്‍ എന്നയാളാണ് ഗവായ്ക്കുനേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. സനാതന ധര്‍മത്തെ അവഹേളിച്ചാല്‍ പൊറുക്കില്ല എന്ന് വിളിച്ചുപറഞ്ഞായിരുന്നു ആക്രമണശ്രമം. സുരക്ഷാ ജീവനക്കാരെത്തി രാകേഷിനെ പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് രാകേഷിനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്യുകയും കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

Content Highlights: 'I am not anti-Hindu, I have not hurt Hindu sentiments': BR Gavai on shoe-throwing attempt

dot image
To advertise here,contact us
dot image