

കച്ച്: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇവരെ പൊലീസിന് കൈമാറി.
രാത്രി മുഴുവന്‍ നടന്നാണ് ഇവര്‍ അതിര്‍ത്തിയിലെത്തിയതെന്ന് ബാലസർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 1016-ാം നമ്പർ പില്ലറിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
അതിര്‍ത്തിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള മിഥി എന്ന ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇരുവരും. പ്രണയം ബന്ധുക്കൾ എതിര്‍ത്തതിനാലാണ് വീട് വിട്ടിറങ്ങിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ ഭുജിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ 2 മാസത്തിനുള്ളിലുണ്ടായ സമാനമായ രണ്ടാമത്തെ സംഭവമാണിതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 8ന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും ഇതുപോലെ പൊലീസ് പിടികൂടിയിരുന്നു.
Content Highlight : Family members oppose love; BSF arrests Indian couple crossing Pak border