

പട്‌ന: ബിഹാറില്‍ ഔദ്യോഗിക വസതിയുടെ പേരില്‍ തര്‍ക്കം. സര്‍ക്കാര്‍ വസതി ഒഴിയാന്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിക്ക് നോട്ടീസ് അയച്ചു. ഭര്‍ത്താവും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവും മകന്‍ തേജസ്വി യാദവും താമസിക്കുന്നത് റാബ്രി ദേവിയുടെ വസതിയിലാണ്.
'സര്‍ക്കുലര്‍ വണ്‍' എന്ന സര്‍ക്കാര്‍ വസതി 20 വര്‍ഷമായി റാബ്രി ദേവിയുടെ പേരിലാണുള്ളത്. ആര്‍ജെഡിയുടെ നേതൃയോഗങ്ങള്‍ നടക്കുന്നതും സര്‍ക്കുലര്‍ വണ്ണിലാണ്. ഹാര്‍ഡിംഗ് റോഡിലുള്ള സെന്‍ട്രല്‍ പൂള്‍ ഹൗസ് നമ്പര്‍ 39 എന്ന പുതിയ സര്‍ക്കാര്‍ വസതി ഇവര്‍ക്ക് അനുവദിച്ചു.
ചട്ടങ്ങള്‍ പ്രകാരം റാബ്‌റി ദേവി വസതി ഒഴിയണമെന്ന് ബിജെപി വക്താവ് നീരജ് കുമാര്‍ പറഞ്ഞു. ഒരു സര്‍ക്കാര്‍ സ്വത്തും അപഹരിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ വിമര്‍ശനവുമായി ആര്‍ജെഡിയും രംഗത്തെത്തി.
ഈ നീക്കം തന്റെ പിതാവിനെ ലക്ഷ്യം വച്ചുള്ളതാണെന്ന് ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആരോപിച്ചു. അധികാരികള്‍ക്ക് അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമെങ്കിലും ബിഹാറിലെ ജനങ്ങളുടെ ഹൃദയങ്ങളില്‍ നിന്ന് നിങ്ങള്‍ എങ്ങനെയാണ് അദ്ദേഹത്തെ പുറത്താക്കുകയെന്നും അവര്‍ എക്‌സില്‍ കുറിച്ചു.
Content Highlights: Rabri Devi and Tej Pratap asked to vacate their government homes