

ന്യുഡല്‍ഹി: ഷാങ്ഹായ് വിമനത്താവളത്തില്‍18 മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും അപമാനിച്ചെന്നുമുള്ള അരുണാചല്‍ പ്രദേശ് സ്വദേശിനിയുടെ ആരോപണത്തില്‍ ചൈന നടത്തിയ പ്രതികരണത്തെ തള്ളി ഇന്ത്യ. എത്ര നിരാകരിച്ചാലും അരുണാചല്‍ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലുടെ വ്യക്തമാക്കി.
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും ഇന്ത്യ അറിയിച്ചു. ചൈനയുടെ നടപടി അന്താരാഷ്ട്ര വ്യോമയാത്രാ കൺവെൻഷനുകളുടെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
Our response to media queries on statements made by the Chinese Foreign Ministry⬇️
— Randhir Jaiswal (@MEAIndia) November 25, 2025
🔗 https://t.co/3JUnXjIBLc pic.twitter.com/DjEdy7TmTK
ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് സാധുതയില്ലന്ന് പറയുകയും മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. അതേസമയം യുവതിയെ യാതൊരു നിര്‍ബന്ധിത നടപടികള്‍ക്കോ തടങ്കലിനോ വിധേയമാക്കിയിട്ടില്ലെന്നാണ് സംഭവത്തെകുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് വ്യക്തമാക്കിയത്.
യു കെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ പ്രെമ വാങ്ജോം തോങ്ഡോക് എന്ന യുവതിയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ദുരനുഭവം പങ്കുവെച്ചത്. നവംബര്‍ 21-നായിരുന്നു സംഭവം. ലണ്ടനില്‍നിന്ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ ഷാങ്ഹായ് പുഡോങ് വിമാനത്താവളത്തില്‍ മൂന്ന് മണിക്കൂര്‍ ട്രാന്‍സിറ്റിനിടെയായിരുന്നു ഇതെന്നും പാസ്പോര്‍ട്ടില്‍ ജന്മസ്ഥലമായി അരുണാചല്‍ പ്രദേശ് രേഖപ്പെടുത്തിയിരിക്കുന്നതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചത്. ഇതോടെ തന്റെ മൂന്ന് മണിക്കൂര്‍ യാത്ര 18 മണിക്കൂര്‍ നീണ്ട ദുരിതമായി മാറിയെന്നും യുവതി ആരോപിച്ചിരുന്നു.
Content Highlight : India slams China for detaining Indian woman at airport