പോറ്റിയെ അറിയാമായിരുന്നു; ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്‌ഐടി

സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ മാത്രമാണ് അനുമതി നൽകിയതെന്ന് കണ്ഠരര് രാജീവര് നൽകിയ മൊഴി

പോറ്റിയെ അറിയാമായിരുന്നു; ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്‌ഐടി
dot image

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിമാരുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം. കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയുമായിരുന്നെന്ന് ഇരുവരും മൊഴി നൽകി. സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ മാത്രമാണ് അനുമതി നൽകിയത്. നടപടിക്രമങ്ങൾ പാലിച്ചായിരുന്നു അനുവാദം നൽകിയത്. പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നും കണ്ഠരര് രാജീവര് മൊഴി നൽകി . അതേസമയം പ്രാഥമിക വിവര ശേഖരണമാണ് നടത്തിയതെന്ന് എസ്‌ഐടി വ്യക്തമാക്കി. ഇരുവരുടെയും മൊഴി വിശദമായി പരിശോധിക്കും.

ശബരിമലയിലെ വാജിവാഹനത്തെക്കുറിച്ചും തന്ത്രിമാരോട് എസ്‌ഐടി ചോദിച്ചറിഞ്ഞു. വാജിവാഹനം കൈവശം വെയ്ക്കാൻ തന്ത്രി കുടുംബത്തിന് അവകാശമുണ്ടെന്നും വാജിവാഹനം സുരക്ഷിതമാണെന്നും അത് തിരിച്ചുനൽകാൻ തയ്യാറാണെന്നും തന്ത്രി രാജീവര് മൊഴി നൽകി. ഇതിന്റെ നടപടിക്രമങ്ങൾ നടന്നുവരുന്നതായും തന്ത്രി പറഞ്ഞതായാണ് വിവരം. ശബരിമലയിലെ പഴയ കൊടിമരം പുതുക്കിയപ്പോൾ പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. സ്വർണ്ണക്കൊള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ തന്റെ കൈവശമുള്ള വാജിവാഹനം തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർക്ക് തന്ത്രി കത്ത് നൽകിയിരുന്നു. പോറ്റിയെ ആദ്യം അറിയുന്നത് കീഴ്ശാന്തി എന്ന നിലയിലാണ്. സ്‌പോൺസർ എന്ന നിലയിൽ പരിചയം തുടർന്നെന്നും മൊഴിയിലുണ്ട്.

ശബരിമലയിലെ തന്ത്രികുടുംബവുമായുള്ള ബന്ധം ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പിന് മറയാക്കിയിരുന്നു. കീഴ്ശാന്തിയുടെ സഹായിയായി എത്തിയ പോറ്റി, തന്ത്രികുടുംബവുമായി അടുത്ത ബന്ധമുള്ള ആളായി ധനികരായ അയ്യപ്പഭക്തർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഈ ബന്ധം ഉപയോഗിച്ച് പോറ്റി ധനികരായ ഭക്തരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.


കേസുമായി ബന്ധപ്പെട്ട ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ വീട്ടിൽ പൂജ ചെയ്തതായി തന്ത്രി കണ്ഠരര് മഹേഷ് മോഹനര് സ്ഥിരീകരിച്ചിരുന്നു. പോറ്റി വഴിയാണ് 2023 ജൂലൈയിൽ പൂജയ്ക്കായി പോയതെന്നും ബെംഗളൂരുവിൽ പലയിടത്തും പൂജക്കെത്തിക്കാൻ പോറ്റി ശ്രമം നടത്തിയെന്നും അങ്ങനെയാണ് ഗോവർധന്റെ വീട്ടിൽ പൂജ ചെയ്യാൻ സമ്മതിച്ചതെന്നും മോഹനര് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോവർധന്റെ വീട്ടിൽ രണ്ട് ദിവസത്തെ പൂജയാണ് നടന്നത്. ഗോവർധന്റെ ജ്വല്ലറിയുടെ ഉദ്ഘാടനത്തിൽ മോഹനര് ദീപം തെളിയിച്ചിരുന്നു. എന്നാൽ പോറ്റിയുടെ ചതികളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കേസിൽ ദേവസ്വം ബോർഡിനെതിരെ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു രംഗത്തെത്തി. മുരാരി ബാബു നൽകിയ കത്ത് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും ഉചിതമായ തീരുമാനമെടുക്കാനാണ് ബോർഡിന് കൈമാറിയതെന്നും വാസു കോടതിയെ അറിയിച്ചു. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും സ്വർണ്ണക്കൊള്ളക്കേസിൽ രണ്ടാം പ്രതിയുമായ മുരാരി ബാബു നൽകിയ കത്താണ് കൈമാറിയത്. കത്തിൽ തീരുമാനമെടുത്തത് ബോർഡാണ്. തനിക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് ഇന്നലെ കോടതിയിലെ വാസുവിന്റെ വാദം.

Content Highlights: sabarimala gold theft case; thantri kandararu rajeevaru and mohanaru statement taken by SIT

dot image
To advertise here,contact us
dot image